കൊവിഡ് മരണം മനഃപൂര്‍വം മറച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മരണങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതിയ സംവിധാനം സുതാര്യമാണ്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം എന്ത് ചെയ്യാന്‍ കഴിയുമെന്നതില്‍ പരമാവധി ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പരാതി വന്നാല്‍ കോവിഡ് മരണം പരിശോധിക്കും എന്ന നിലപാട് ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു. കത്തായോ ഇ-മെയില്‍ വഴിയോ ആര്‍ക്കും പരാതി അയക്കാം. ആരുടെയും മരണം മനപ്പൂര്‍വം മറച്ചു വെച്ചിട്ടില്ല. കുടുംബങ്ങള്‍ക്ക് സ്വകാര്യത പ്രശ്‌നമില്ലെങ്കില്‍ മരണപ്പെട്ടവരുടെ പേരുകള്‍ വീണ്ടും പ്രസിദ്ധീകരിക്കാം. എല്ലാ നടപടികളും ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാണെന്നും കൊവിഡ് മരണം സംബന്ധിച്ച് ഇതുവരെ വ്യാപക പരാതി ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ട്. ജാഗ്രത ഉണ്ടായില്ലെങ്കില്‍ പെട്ടെന്ന് വ്യാപനം ഉണ്ടാകും. വാക്സീന്‍ ആവശ്യത്തിന് ലഭിക്കുന്നില്ല. വാക്‌സീന്‍ വിതരണത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഒഴിവാക്കാന്‍ ഇടപെടും. സംവിധാനം ഇല്ലാത്തവരിലേക്ക് എത്തി സ്‌പോട് രജിസ്ട്രേഷന്‍ ത്വരിതപെടുത്തും. കൊവിഡാനന്തര ഗുരുതര അസുഖങ്ങള്‍ ബാധിക്കുന്നവര്‍ക്ക് സഹായം ആലോചിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്ന എല്ലാ വിഷയങ്ങളും പരിശോധിക്കപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 

 

Top