കൊവിഡ് ഫണ്ട്‌ തട്ടിച്ച് ആഡംബര കാർ വാങ്ങി; യുവാവ് അറസ്റ്റിൽ

വാഷിംഗ്ടൺ: സർക്കാരിന്റെ കൊറോണ പുനരധിവാസ ഫണ്ടുകൾ തട്ടിയെടുത്ത് കോടികളുടെ ആഡംബര കാറുകൾ വാങ്ങിക്കൂട്ടിയ യുവാവ് അറസ്റ്റിൽ. അമേരിക്കയിലാണ് സംഭവം. കൊറോണ കാലത്ത് ജീവിതം വഴിമുട്ടി നിൽക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലോൺ നേടിയ ഇർവിൻ സ്വദേശിയായ മുസ്തഫ ഖ്വാദിരി എന്ന യുവാവാണ് ഒടുവിൽ പൊലീസ് പിടിയിലായത്.

കൊറോണയുടെ പശ്ചാത്തലത്തിൽ വഴിമുട്ടിയ ജീവിതം കരുപ്പിടിപ്പിക്കാൻ പൗരൻമാരെ സഹായിക്കുന്നതിന് അമേരിക്ക ആരംഭിച്ച പദ്ധതിയാണ് 38കാരനായ മുസ്തഫ ദുരുപയോഗം ചെയ്തത്. അഞ്ച് ലക്ഷം യുഎസ് ഡോളർ ആണ് യുവാവ് ലോൺ വഴി തെറ്റിദ്ധരിപ്പിച്ച് സ്വന്തമാക്കിയത്. പേയ്മെന്റ് പ്രൊട്ടക്ഷൻ പ്രോഗ്രാമിന് കീഴിലായിരുന്നു ലോണുകൾ അനുവദിച്ചത്. ഈ പണം കൊണ്ട് ഫെറാരി, ലംബോർഗിനി, ബെൻറ്‌ലി തുടങ്ങിയ കോടികൾ വിലയുള്ള അത്യാഡംബര കാറുകൾ ഇയാൾ വാങ്ങിക്കൂട്ടുകയായിരുന്നു.

കൊറോണ കാലത്ത് പ്രതിസന്ധി അനുഭവിക്കുന്ന അമേരിക്കൻ പൗരന്മാരെയും ചെറുകിട ബിസിനസുകാരെയും സംരക്ഷിക്കാനായുള്ളതായിരുന്നു ഈ പദ്ധതി. എന്നാൽ നിലവിൽ ഇല്ലാത്ത കമ്പനികളുടെ പേരിൽ രേഖകൾ സമർപ്പിച്ചാണ് മുസ്തഫ ലോൺ സ്വന്തമാക്കിയത്. ബാങ്കുകളെ കബളിപ്പിക്കാൻ മറ്റൊരാളുടെ സോഷ്യൽ സെക്യൂരിറ്റി നമ്പരും മുസ്തഫ ഉപയോഗിച്ചിരുന്നതായും കാറുകൾ വാങ്ങിയ ശേഷം ബാക്കി വന്ന പണം ഇയാൾ ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയും ചെയ്തു എന്നുമാണ് റിപ്പോർട്ടുകൾ.

ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്. മുസ്തഫ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിനെതിരായ കുറ്റങ്ങൾക്ക് പരമാവധി 302 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് യുഎസ് അറ്റോർണി ഓഫീസ് വക്താവ് അറിയിച്ചു.

പാൻഡെമിക് റിലീഫ് ഫണ്ട് ദുരുപയോഗം ചെയ്തതിന് നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊന്ന് ആദ്യമാണെന്നും മുസ്തഫയ്‌ക്കെതിരെ പരമാവധി ശിക്ഷ വാങ്ങികൊടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

 

Top