കോവിഡ് രോഗികള്‍ കൂടുന്നു; പാലക്കാട് ജില്ലയില്‍ കര്‍ശനനിയന്ത്രണം തുടങ്ങി

പാലക്കാട്: പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടങ്ങി. കോവിഡ് രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ച്ചയായി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് സെക്ഷന്‍ 144 ന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ മേയ് 31 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രോഗപ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നതിനായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ പൊതുപരീക്ഷകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പരീക്ഷ എഴുതാന്‍ തടസമില്ല. പരീക്ഷ, വിവാഹം, ജോലിക്ക് ഹാജരാകല്‍, വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് സാധ്യമാണ്.

പരീക്ഷ നടത്തിപ്പിനും പരീക്ഷയ്ക്ക് ഹാജരാകുന്നതിനായി പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിനും തടസമില്ലെന്നും കലക്ടര്‍ അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. വിനോദ കേന്ദ്രങ്ങള്‍, ഹാളുകള്‍, തിയേറ്ററുകള്‍, കായിക കോംപ്ലക്‌സുകള്‍, പാര്‍ക്കുകള്‍ തുറക്കില്ല. സാമൂഹിക, രാഷ്ട്രീയ, വിനോദ, സാംസ്‌ക്കാരിക, മതപരപരമായ കൂടിച്ചേരലുകള്‍ക്ക് നിരോധനം.മതപരമായ സ്ഥലങ്ങളില്‍ പൊതുജന പ്രവേശനം അനുവദനീയമല്ല.

രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെയുള്ള അനാവശ്യമായ യാത്രകള്‍ അനുവദനീയമല്ല.ആഘോഷങ്ങള്‍, മത, സാമൂഹിക കൂടിച്ചേരലുകള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ നാല് പേരിലധികം പേര്‍ ഒത്തുചേരല്‍ പാടുള്ളതല്ലപൊതുസ്ഥലങ്ങളില്‍ യോഗങ്ങളും പ്രകടനങ്ങളും പാടില്ല. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കുകയും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും.കണ്ടെയ്ന്‍മന്റെ് മേഖലകളില്‍ ചികിത്സാപരമായ ആവശ്യങ്ങള്‍ക്കും അവശ്യ സേവനങ്ങള്‍ക്കൊഴികെ മറ്റൊന്നിനും യാത്രാനുമതി ഉണ്ടായിരിക്കുന്നതല്ല എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Top