കൊവിഡ് വൈറസ് ലോകത്ത് നിന്ന് അത്രപെട്ടെന്ന് പോകില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് ദീര്‍ഘകാലത്തേക്ക് നമ്മുടെ ഗ്രഹത്തിലുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന. ഭൂരിഭാഗ രാഷ്ട്രങ്ങളും വൈറസിനെ തുരത്താനുള്ള ആദ്യ ഘട്ടത്തില്‍ മാത്രം എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം നടന്ന വിര്‍ച്ച്വല്‍വാര്‍ത്താ സമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടന നേതാവ് ടെഡ്രോസ് ആദാനം ഗബ്രിയാസിസ് മുന്നറിയിപ്പ് നല്‍കിയത്.

കൊറോണ വൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ചു വരവ് നടത്തി. അമേരിക്കയിലെയും ആഫ്രിക്കയിലെയും കണക്കുകളില്‍ കുതിച്ചുയരുന്ന പ്രവണതയാണ് ഇപ്പോഴും കാണുന്നത്. ആഗോള അടിയന്തരാവസ്ഥ ജനുവരി 30ന് പ്രഖ്യാപിച്ചു കൊണ്ട് പദ്ധതികളാവിഷ്‌കരിക്കാനും പ്രതിരോധിക്കാനുമുള്ള സമയം ലോകരാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന നല്‍കിയിരുന്നെന്നും ടെഡ്രോസ് പറഞ്ഞു.

പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടന അമേരിക്കയില്‍ നിന്ന്കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നുവെന്നിരുന്നെങ്കിലും രാജിവെക്കാനുള്ള ആവശ്യങ്ങളെയെല്ലാം ടെഡ്രോസ് തള്ളിക്കളഞ്ഞു. പശ്ചിമ യൂറോപ്പിലെ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. എണ്ണം കുറവാണെങ്കിലും മധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും കിഴക്കന് യൂറോപ്പിലെയും പ്രവണതകള്‍ ആശങ്കാകുലമാണെന്നും ടെഡ്രോസ് പറഞ്ഞു.

മിക്ക രാജ്യങ്ങളും പകര്‍ച്ചവ്യാധിയെ നേരിടുന്ന ആദ്യഘട്ടത്തിലാണ്. ആദ്യ ഘട്ടത്തില്‍ പകര്‍ച്ചവ്യാധി വന്ന് അതിനെ പിടിച്ചു കെട്ടിയ രാജ്യങ്ങളില്‍ പുതിയ കേസുകള്‍ ഉണ്ടാവുകയും വൈറസ് തിരിച്ചു വരവ് നടത്തുകയും ചെയ്തു. അതുകൊണ്ട് ഒരു പിഴവും വരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top