ഉംപുണ്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ടായ ഉദ്യോഗസ്ഥന് കൊവിഡ്; 200ലേറെ പേര്‍ നിരീക്ഷണത്തില്‍

മുംബൈ: പശ്ചിമബംഗാളില്‍ ഉംപുണ്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബംഗാളിലേക്ക് പോയിരുന്ന ഇരുനൂറിലേറെ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കി. എന്‍ഡിആര്‍എഫിന്റെ ഒഡിഷയില്‍ നിന്നുള്ള മൂന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ഇപ്പോള്‍ കട്ടക്കിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗലക്ഷണങ്ങള്‍ കണ്ടതോടെ ബറ്റാലിയനിലെ ആറ് പേര്‍ക്ക് സ്രവപരിശോധന നടത്തുകയായിരുന്നു. ഉംപുണ്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബംഗാളിലേക്ക് പോയി മടങ്ങിവന്ന പുനെയിലെ അഞ്ചാം ബറ്റാലിയനിയെ രണ്ട് ടീമുകള്‍, ആരക്കോണത്തെ നാലാം ബറ്റാലിയനിലെ രണ്ട് ടീമുകള്‍, ഒഡിഷയിലെ മൂന്നാം ബറ്റാലിയനിലെ രണ്ട് ടീമുകള്‍ എന്നിവരെല്ലാം ക്വാറന്റൈനിലാണ്. ബംഗാളിലെ എന്‍ഡിആര്‍എഫ് സംഘത്തെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് മടങ്ങിയെത്തിയവര്‍ അവരവരുടെ ക്യാമ്പുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Top