കോവിഡ് നിയമലംഘകരെ പിടികൂടാന്‍ ദുബായില്‍ ‘സൈക്കിള്‍ പൊലീസ്’ പട്രോളിങ്

ദുബായ്: കോവിഡ് നിയമലംഘകരെ പിടികൂടാന്‍ ഊര്‍ജിത പരിശോധനയുമായി ദുബായില്‍ സൈക്കിള്‍ പൊലീസ്. ഇതുവഴി പൊലീസ് പട്രോളിങ് സംഘം കടന്നുപോകാത്ത ഇടവഴികളിലൂടെയും മറ്റും അതിവേഗമെത്തി നിയമലംഘകരെ പിടികൂടുന്നു.

ദുബായില്‍ അണുനശീകരണം നടക്കുന്ന രാത്രി 11നു ശേഷം പുറത്തിറങ്ങിയവരെയും മാസ്‌ക് ധരിക്കാത്തവരെയും ഈ പൊലീസ് സംഘം പിടികൂടി. ദുബായില്‍ കഴിഞ്ഞവര്‍ഷം 83 പിടികിട്ടാപ്പുള്ളികളെ വലയിലാക്കി ‘സൈക്കിള്‍ പൊലീസ്’ ശ്രദ്ധനേടിയിരുന്നു.

ജുമൈറ ബീച്ച് റസിഡന്‍സ്, സിറ്റി വോക്, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊലെവാഡ്, അല്‍ ഖവാനീജ് മേഖല എന്നിവിടങ്ങളിലാണ് സൈക്കിള്‍ പൊലീസിന്റെയും വൊളന്റിയര്‍മാരുടെയും പട്രോളിങ്. കരാമ, ബര്‍ദുബായ്, സത് വ, ദെയ്‌റ മേഖലകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയാണ് സൈക്കിള്‍ കമാന്‍ഡോ സംഘത്തിനു രൂപം നല്‍കിയത്. ഇതിലൂടെ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ തടയാന്‍ സംഘത്തിനു കഴിഞ്ഞു.

അനധികൃത താമസക്കാര്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികളെ പിടികൂടി. താമസ, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒളിപ്പിച്ചുവച്ച വ്യാജ ഉത്പന്നങ്ങള്‍ കണ്ടെത്തുകയും കാണാതായ ചില കുട്ടികളെ അതിവേഗം കണ്ടെത്താനും ഇവര്‍ക്കു കഴിഞ്ഞു. ഹൈടെക് സംവിധാനമുള്ള സൈക്കിള്‍ ആയതിനാല്‍ മറ്റു പട്രോളിങ് സംഘങ്ങളുമായി ബന്ധപ്പെടാനും ഇവര്‍ക്ക് കഴിയുന്നു.

Top