കാസര്‍കോടിനും കണ്ണൂരിനും പിന്നാലെ കോഴിക്കോടും; കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നതായി സംശയം. കാസര്‍ക്കോടിനും കണ്ണൂരിനും പിന്നാലെയാണ് കോഴിക്കോടും രോഗികളുടെ വിവരം ചോര്‍ന്നതായി വില്യാപ്പള്ളി സ്വദേശി സംശയം പ്രകടിപ്പിച്ചത്. രോഗം മാറി വീട്ടില്‍ കഴിയുന്ന വടകര വില്യാപ്പളളി സ്വദേശിക്ക് ബെംഗളൂരുവില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് ഫോണ്‍ കോളുകള്‍ എത്തിയത്. നമ്പരുകളിലേക്ക് തിരികെ വിളിച്ചെങ്കിലും നിലവിലില്ലെന്നാണ് മറുപടി.

അഞ്ച് ദിവസം മുമ്പാണ് വില്യാപ്പിള്ളി സ്വദേശിക്ക് ആദ്യ ഫോണ്‍കോള്‍ വന്നത്. ബാഗ്ലൂരിലെ കൊവിഡ് ഓഫീസില്‍ നിന്നെന്നാണ് വിളിച്ചവര്‍ പരിചയപ്പെടുത്തിയത്. ഇംഗ്ലീഷിലായിരുന്നു സംസാരം. രോഗ വിവരങ്ങള്‍ ചോദിച്ച ശേഷം വിലാസം ശരിയാണോയെന്നും വിളിച്ചവര്‍ ഉറപ്പാക്കി.

രണ്ട് ദിവസം മുമ്പ് ഡല്‍ഹിയില്‍ നിന്നും ഫോണ്‍ കോള്‍ വന്നു. വിളിച്ചവര്‍ ഹിന്ദിയിലും മലയാളത്തിലും സംസാരിച്ചു. കൊവിഡ് കൗണ്‍സിലിങിന് എന്ന് പറഞ്ഞാണ് വിളിച്ചത്. താന്‍ രോഗമുക്തി നേടിയതാണെന്ന് പറഞ്ഞപ്പോള്‍ ഓരോരുത്തരേയായി വിളിച്ച് വരുന്നേ ഉള്ളൂ എന്നായിരുന്നു മറുപടി.

കണ്ണൂരിലും കാസര്‍കോട്ടും രോഗികളുടെ വിവരം ചോര്‍ന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ രണ്ട് നമ്പറുകളിലേക്കും തിരിച്ച് വിളിച്ചെങ്കിലും നമ്പര്‍ നിലവില്‍ ഇല്ലെന്നായിരുന്നു കിട്ടിയ മറുപടി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനാണ് രോഗിയുടെ തീരുമാനം. രോഗിയെ വിളിച്ച വിവരം കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറും സ്ഥിരീകരിച്ചിട്ടുണ്ട്.

Top