സന്തോഷ വാര്‍ത്ത, കൊച്ചിയില്‍ എച്ച്.ഐ.വി മരുന്ന് കൊവിഡിനെ തുരത്തി !

കൊച്ചി: കൊച്ചിയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ക്ക് എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നല്‍കി നടത്തിയ പരീക്ഷണം വിജയകരമെന്ന് ഡോക്ടര്‍മാര്‍. എച്ച്‌ഐവി മരുന്നുകള്‍ നല്‍കിയ എറണാകുളത്തെ രോഗിയുടെ പരിശോധനാഫലം മൂന്ന് ദിവസം കൊണ്ട് നെഗറ്റീവ് ആയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ആന്റി വൈറല്‍ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് പൗരന്റെ പരിശോധനാഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. എച്ച്‌ഐവി ചികിത്സക്ക് ഉപയോഗിക്കുന്ന റിറ്റോണാവീര്‍, ലോപിനാവിര്‍ എന്നീ മരുന്നുകളാണ് രോഗിക്ക് ഏഴു ദിവസം നല്‍കിയത്.മരുന്ന് നല്‍കി മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിള്‍ പരിശോധനയില്‍തന്നെ ഫലം നെഗറ്റീവായി കണ്ടെത്തി. മാര്‍ച്ച് 23 ന് ലഭിച്ച സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് അധികൃതര്‍ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

മൂന്നാറില്‍ ക്വാറന്റൈനിലായിരിക്കെ അനധികൃതമായി നെടുമ്പാശേരിയിലെത്തി ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഈ ബ്രിട്ടീഷ് പൗരനെ ആരോഗ്യ വകുപ്പ് കണ്ടെത്തി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്റെ സംഘത്തിലെ മറ്റ് ആറു പേര്‍ കൂടി കഴിഞ്ഞ ദിവസം പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇപ്പോള്‍ പരിശോധനാ ഫലം നെഗറ്റീവായ ടൂറിസ്റ്റിന് ആന്റി വൈറല്‍ മരുന്നുകള്‍ നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുന്‍കയ്യെടുത്ത് മരുന്ന് ലഭ്യമാക്കി.

രോഗിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ചികിത്സയുടെ പ്രോട്ടോക്കോള്‍ വിശദമായ കൂടിയാലോചനയിലൂടെ പരിഷ്‌കരിക്കുകയായിരുന്നു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചികിത്സ നടത്തിയത്. ഡോ. ഫത്താഹുദ്ദീന്‍, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേഷ് മോഹന്‍, ഡോ.ഗീത നായര്‍ എന്നിവരാണ് ചികിത്സാ സംഘത്തിലുള്ളത്.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top