വാക്‌സിനെടുത്തവര്‍ക്ക് സൗദിയിൽ ക്വാറന്റൈന്‍ വേണ്ട

റിയാദ്: വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ വ്യക്തത വരുത്തി സൗദി. വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞ് രാജ്യത്തെത്തുന്ന ആര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് സൗദി നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (വിഖായ) അറിയിച്ചു. സൗദിയില്‍ അംഗീകാരമുള്ള വാക്‌സിന്‍ സ്വീകരിച്ചുവരുന്നവര്‍ക്കാണ് ഇളവ് ബാധകമാവുക. മെയ് 20 മുതല്‍ ക്വാറന്റൈന്‍ ഇളവ് നിലവില്‍ വരും. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ഈ ആനുകൂല്യം ലഭിക്കുമെന്നും വിഖായ അറിയിച്ചു.

അതേസമയം, എട്ടു വയസ്സിനു മുകളിലുള്ള എല്ലാവരും കൊവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിമാനം കയറുന്നതിന്റെ 72 മണിക്കൂര്‍ മുമ്പ് എടുത്ത സാമ്പിള്‍ പ്രകാരമുള്ളതായിരിക്കണം സര്‍ട്ടിഫിക്കറ്റെന്നും അധികൃതര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാവിലക്ക് ഇന്നു മുതല്‍ പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് ക്വാറന്റൈന്‍ കാര്യത്തില്‍ വ്യക്തത വരുത്തി അധികൃതര്‍ രംഗത്തെത്തിയത്.

Top