കൊവിഡ് പ്രതിരോധം; റഷ്യ വാക്‌സിന്‍ വിതരണത്തില്‍ പിന്നില്‍

മോസ്കോ: ലോകത്ത് ആദ്യമായി കൊവിഡ് വാക്സിന് അംഗീകാരം നല്‍കിയത് റഷ്യയാണ്‌. എന്നാല്‍ കൊവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ റഷ്യ പിന്നിലാണ്‌. റഷ്യയില്‍ വാക്‌സിന്‍  വിതരണം  മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്‌. ജൂൺ പകുതിയോടെ രാജ്യത്തെ 146 ദശലക്ഷം ജനങ്ങളിൽ 30 ദശലക്ഷത്തിലധികം പേർക്കും, ഓഗസ്റ്റിൽ 69 ദശലക്ഷത്തിലധികം പേർക്കും കുത്തിവയ്പ് നല്‍കുമെന്നായിരുന്നു അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്‌.

200ല്‍ അധികം സംസ്ഥാന, സ്വകാര്യ ക്ലിനിക്കുകൾ, ഷോപ്പിംഗ് മാളുകൾ, ഫുഡ് കോർട്ടുകൾ, ആശുപത്രികൾ, തിയേറ്റർ എന്നിവിടങ്ങളിൽ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. അതിനിടെ ഏപ്രിൽ പകുതിയോടെ, മോസ്കോയിലെ 12.7 ദശലക്ഷം നിവാസികളിൽ 1 ദശലക്ഷത്തിലധികം ആളുകൾക്ക്, അല്ലെങ്കിൽ ഏകദേശം 8 ശതമാനം പേർക്ക് കുറഞ്ഞത് ഒരു ഷോട്ട് എങ്കിലും ലഭിച്ചിട്ടുണ്ട്.

മൊത്തം റഷ്യയുടെ കണക്കെടുത്താല്‍ ഏപ്രിൽ 27 വരെ 12.1 ദശലക്ഷം ആളുകളാണ് കുറഞ്ഞത് ഒരു ഷോട്ട് എങ്കിലും എടുത്തിട്ടുള്ളത്. 7.7 ദശലക്ഷം അഥവാ 5 ശതമാനം പേർക്ക് മാത്രമാണ് പൂർണ്ണമായി വാക്സിനേഷൻ നൽകാന്‍ സാധിച്ചിട്ടുള്ളത്. 43 ശതമാനം പേർക്ക് കുറഞ്ഞത് ഒരു ഷോട്ടെങ്കിലും നല്‍കിയ യുഎസിനെക്കാൾ റഷ്യ വളരെ പിന്നിലാണ്. യൂറോപ്യൻ യൂണിയൻ പോലും 27 ശതമാനം വാക്സിന്‍ വിതരണം നടത്തിയിട്ടുണ്ട്.

Top