കാസര്‍കോട് ഇന്നലെ മരിച്ച ഉദുമ സ്വദേശിക്ക് കൊവിഡ് ഫലം നെഗറ്റീവ്

കാസര്‍കോട്: കാസര്‍കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച ഉദുമ സ്വദേശിക്ക് കൊവിഡ് രോഗം ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. ഉദുമ കരിപ്പോടി സ്വദേശി അബ്ദുറഹ്മാനാണ് ഇന്നലെ മരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച ദുബായില്‍ നിന്നെത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ട് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്രവ പരിശോധനാ ഫലം ഇന്നാണ് ലഭിച്ചത്. ഇന്ന് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ 34കാരനും, ജൂണ്‍ ഒമ്പതിന് ഖത്തറില്‍ നിന്നെത്തിയ പടന്ന സ്വദേശിയായ 24കാരിക്കുമാണ് കൊവിഡ് പോസിറ്റീവായത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

അതേസമയം വൈറസ് ബാധിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന എട്ട് പേര്‍ക്ക് രോഗം ഭേദമായി. ഇവര്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ജില്ലയില്‍ 3528 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്.

3198 പേര്‍ വീടുകളിലും 330 പേര്‍ സ്ഥാപന നിരീക്ഷണത്തിലുമാണ്. ഇന്ന് പുതിയതായി 210 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 383 പേരുടെ ഫലം ലഭിക്കാനുണ്ട്. 711 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി 55 പേരെയും വീടുകളില്‍ 701 പേരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

Top