കൊവിഡ് പ്രതിരോധം ; 40 കോടി രൂപയുടെ സഹായവുമായി ടിവിഎസ്

ലോകത്ത് കൊവിഡ്-19 വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുകയാണ്. ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ 40 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ടിവിഎസ് മോട്ടോര്‍. നിരവധി നിര്‍മാതാക്കള്‍ ഇതിനകം തന്നെ സഹായവുമായി രംഗത്തെത്തി കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടിവിഎസും സഹായവുമായി രംഗത്ത് വന്നിരിക്കുന്നത്.

വൈറസ് വ്യാപനം തടയുന്നതിനുള്ള രാജ്യവ്യാപക ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ടിവിഎസ് മോട്ടോര്‍ കമ്പനി സുന്ദരം ക്ലേട്ടനും ഗ്രൂപ്പ് കമ്പനികളും ചേര്‍ന്നാണ്‌ 40 കോടി രൂപ വാഗ്ദാനം ചെയ്തത്‌.രാജ്യത്തുടനീളം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, പിപിഇ കിറ്റുകള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ ജീവന്‍ രക്ഷിക്കാനുള്ള സപ്ലൈസ് ലഭ്യമാക്കുന്നതിനായി ഫണ്ട് വിനിയോഗിക്കുമെന്ന് ടിവിഎസ് പ്രസ്താവനയില്‍ പറഞ്ഞു.ടിവിഎസ് മോട്ടോര്‍ കമ്പനിയുടെയും സുന്ദരം ക്ലേട്ടണ്‍ ലിമിറ്റഡിന്റെയും സാമൂഹിക വിഭാഗമായ ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റാണ് (SST) ഈ സംരംഭം ഏറ്റെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ടിവിഎസ് മോട്ടോര്‍ കമ്പനി വിവിധ സംസ്ഥാനങ്ങളിലായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 60 കോടി രൂപയോളം സംഭാവന നല്‍കിയിരുന്നു.

ആരോഗ്യ സംരക്ഷണ, അവശ്യ സേവന തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കമ്പനി 2 ദശലക്ഷത്തിലധികം ഫുഡ് പാക്കറ്റുകളും 1 ദശലക്ഷത്തിലധികം ഫെയ്‌സ് മാസ്‌കുകളും നല്‍കുകയും ചെയ്തു.ഏറ്റവും പുതിയ സംരംഭത്തിന്റെ ഭാഗമായി, ടിവിഎസ് ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും 2,000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും തമിഴ്നാട്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ അവശ്യ സേവന തൊഴിലാളികള്‍ക്കായി പ്രതിദിനം 20,000 ഭക്ഷണ പാക്കറ്റുകളും വിതരണം ചെയ്യും.

 

Top