ഇന്ത്യയ്ക്ക് 510 കോടിയുടെ സൗജന്യ വാക്സിന്‍ നല്‍കുമെന്ന് ഫൈസര്‍

ന്യൂഡൽഹി: ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ പോരാട്ടത്തിന് പിന്തുണയുമായി യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാക്സിന്‍ നിര്‍മാതാക്കളായ ഫൈസര്‍. 70 മില്യൺ യു.എസ്. ഡോളർ (ഏകദേശം 510 കോടി രൂപ) മൂല്യം വരുന്ന കൊവിഡ് വാക്സിന്‍ ഇന്ത്യയ്ക്ക് സൗജന്യമായി നല്‍കുമെന്ന് കമ്പനി ചെയർമാനും സി.ഇ.ഒയുമായ ആൽബർട്ട് ബൗര്‍ല അറിയിച്ചു.

ഫൈസറിന്‍റെ യു.എസ്., യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ നിന്നാണ് ഇതിനായി മരുന്നുകൾ ഇന്ത്യയില്‍ എത്തിക്കുക. ഇന്ത്യയിലെ ഗുരുതരമായ കൊവിഡ് സ്ഥിതിയില്‍ തങ്ങൾ അസ്വസ്ഥരാണ്. തങ്ങളുടെ സ്നേഹം ഇന്ത്യയിലെ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എല്ലാ ജനങ്ങളിലേക്കും എത്തുന്നു. ഈ രോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ പങ്കാളിയാകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ആൽബർട്ട് പറഞ്ഞു.

തങ്ങളുടെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് വേഗത്തിൽ പ്രവർത്തിക്കുകയാണെന്നും സി.ഇ.ഒ വ്യക്തമാക്കി. ഇന്ത്യയിലുടെനീളമുള്ള എല്ലാ പൊതു ആശുപത്രികളിലും ഓരോ കൊവിഡ് രോഗികൾക്കും ആവശ്യമായ വാക്സിനുകള്‍ സൗജന്യമായി ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ സഹായിക്കുന്നതിനാണ് തങ്ങൾ സംഭാവന ചെയ്യുന്നതെന്നും ആൽബർട്ട് ബൗര്‍ല ഫൈസര്‍ ഇന്ത്യയ്ക്ക് അയച്ച കത്തില്‍ പറയുന്നു. ഫൈസര്‍ ഇന്ത്യയുടെ ജീവനക്കാര്‍ ഈ കത്ത് ലിങ്ക്ഡ് ഇന്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കു വച്ചിട്ടുണ്ട്.

Top