സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 19 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ രണ്ടു പേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ വിദേശത്തു നിന്നു വന്നതാണ്.

അതേസമയം ഇന്ന് 19 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കാസര്‍കോട് 12 പേര്‍ക്കും പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ 3 പേര്‍ക്ക് വീതവും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് കോവിഡ് പരിശോധനാഫലം നെഗറ്റീവായത്.

ഇതുവരെ സംസ്ഥാനത്ത് 378 പേര്‍ക്കാണ് രോഗം ബാധിച്ചത്.അതില്‍ 178 പേരാണ് ഇപ്പോള്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,11,468 വീടുകളിലും 715 പേര്‍ ആശുപത്രിയിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു തുല്യതയുടെ സന്ദേശമാണ് പകര്‍ന്നു നല്‍കുന്നത്.ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനുവേണ്ടിയാകട്ടെയെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാക്കി ഇത്തവണത്തെ വിഷുക്കൈനീട്ടത്തെ മാറ്റാന്‍ എല്ലാവരും തയാറാകും എന്നു പ്രതീക്ഷിക്കുന്നു. കുട്ടികളും ഇതിന്റെ ഭാഗമാകും എന്നു കരുതുന്നു. അവര്‍ക്കാണ് മാതൃകകള്‍ സൃഷ്ടിക്കാന്‍ സാധിക്കുക എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമത്വത്തിനു വേണ്ടി സ്വന്തം ജീവിതത്തെ പോരാട്ടമാക്കിയ നവോഥാന നായകനാണ് അംബേദ്കര്‍. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യത്വത്തില്‍ അടിസ്ഥാനമായ തുല്യതയ്ക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ 130-ാം ജയന്തി ദിനം ഈ വിഷു ദിനത്തില്‍തന്നെ വന്നുചേരുന്നത് അതിന്റേതായ ഒരു ഔചിത്യ ഭംഗിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top