മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ കൂടുന്നു; രോഗബാധിതര്‍ 35058

മുംബൈ: മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും 2000 ലേറെ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നു. ഇന്ന് മാത്രം 2033 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 35058 ആയി. ഇന്ന് 51 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 1249 ല്‍ എത്തി.

ഇതുവരെ 8437 പേര്‍ക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുംബൈ നഗരത്തില്‍ കൊവിഡ് രോഗകളുടെ എണ്ണം 21000 കടന്നു. 804 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ, മുംബൈയില്‍ കൊവിഡ് രോഗികളുടെ എണ്ണം 21152 ആയി. 23 പേരാണ് മുംബൈയില്‍ മാത്രം ഇന്ന് മരിച്ചത്.

മഴക്കാലത്തിന് മുന്‍പ് രോഗത്തെ പൂര്‍ണമായി പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. രോഗവ്യാപന തോത് പിടിച്ച് നിര്‍ത്താനായെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. എന്നാല്‍ റെഡ് സോണില്‍ ഒരിളവും ഇപ്പോള്‍ നല്‍കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top