കോവിഡ് പരിശോധനകളുടെ എണ്ണം മൂന്നു മടങ്ങായി വര്‍ധിപ്പിക്കും: കെജ്രിവാള്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ ചികിത്സക്കും പരിശോധനക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഒരു ഫോണ്‍ വിളിയില്‍ ഓക്‌സിജന്‍ സംവിധാനം ലഭ്യമാക്കുമെന്നും കൂടാതെ പരിശോധനകളുടെ എണ്ണം മൂന്നു മടങ്ങായി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

പരിശോധനകളുടെ എണ്ണം 5000ത്തില്‍നിന്ന് 18,000 ആയി ഉയര്‍ത്തുമെന്നും 30 മിനിറ്റിനകം പരിശോധന ഫലം പുറത്തുവരുന്ന റാപ്പിഡ് പരിശോധനയായിരിക്കും സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഡല്‍ഹി. എന്നാല്‍ തമിഴ്‌നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2000 ത്തില്‍ അധികമായതോടെ ഡല്‍ഹി മൂന്നാം സ്ഥാനത്തായി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍. ഡല്‍ഹിയില്‍ 59,746 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 25000 ത്തോളം പേരാണ് നിലവില്‍ ചികിത്സയിലുളളത്. 33,000 പേര്‍ രോഗമുക്തി നേടി.
മറ്റു അസുഖങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഗുരുതര രോഗികളെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കും. ഡല്‍ഹിയില്‍ കോവിഡ് മരണസംഖ്യ ഉയരാനുള്ള പ്രധാനകാരണം ശ്വാസകോശ സംബന്ധമായ രോഗങ്ങളായിരുന്നു. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതാണ് മരണകാരണം. കോവിഡ് രോഗികളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് അറിയുന്നതിനായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ‘പള്‍സ് ഓക്‌സി മീറ്റര്‍’ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Top