കൊവിഡ് രോഗലക്ഷണങ്ങളുള്ളവരുടെ ലിസ്റ്റ് പ്രചരിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കൊവിഡ് 19 രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ലിസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഒരാള്‍ അറസ്റ്റില്‍. തെള്ളിയൂര്‍ മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക് ഇന്‍സ്പെക്ടറായ കോയിപ്രം സ്വദേശി മായയാണ് അറസ്റ്റിലായത്. പത്തനംതിട്ട കൊവിഡ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള ലിസ്റ്റ് സ്വന്തം നിലയില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ മായയുടെ വാട്‌സ്ആപ്പ് നമ്പറില്‍ നിന്ന് ലിസ്റ്റ് ചോര്‍ന്നു എന്ന് കണ്ടെത്തി. ഈ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 10 പേര്‍ രോഗമുക്തരായി. വൈറസ് ബാധ സ്ഥിരീകരിച്ച 10 പേരില്‍ 6 പേര്‍ കൊല്ലം ജില്ലക്കാരാണ്. ഇതുവരെ 495 പേര്‍ക്കാണ് സംസ്ഥാനത്ത് അസുഖം സ്ഥിരീകരിച്ചത്. 123 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 20673 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 20122 പേര്‍ വീടുകളിലും 51 പേര്‍ ആശുപത്രികളിലുമാണ്.

Top