കോവിഡ്19; സ്രവം ശേഖരിച്ച് സൂക്ഷിക്കാനുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ച് ശ്രീചിത്ര

കോവിഡ് സംശയിക്കുന്നവരുടെ തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും സ്രവം ശേഖരിക്കുന്നതിനുള്ള ഉപകരണവും സ്രവം സൂക്ഷിക്കുന്നതിനുള്ള മാധ്യമവും വികസിപ്പിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്.

ശ്രീചിത്ര ബയോടെക്‌നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. മായാ നന്ദകുമാര്‍, ഡോ. ലിന്‍ഡ, ഡോ. ഷൈനി എന്നിവരടങ്ങിയ സംഘമാണ് ഇവ വികസിപ്പിച്ചത്.

മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള സ്രവം പരിശോധിച്ചാണ് വൈറസിലെ ജീനുകള്‍ ആംപ്ലിഫൈചെയ്ത് സാര്‍സ്-കോവ് 2ന്റെ സാന്നിധ്യം കണ്ടെത്തി കോവിഡ് സ്ഥിരീകരിക്കുന്നത്.

പ്രത്യേകം രൂപകല്പനചെയ്ത ഈ ഉപകരണം ഉപയോഗിച്ച് ആവശ്യത്തിന് സ്രവം ശേഖരിച്ച് ദ്രവരൂപത്തിലുള്ള അനുയോജ്യമായ മാധ്യമത്തില്‍ സൂക്ഷിച്ചാലേ പരിശോധനയ്ക്കുവേണ്ട വൈറസ് ആര്‍ .എന്‍.എ.യുടെ ഗുണമേന്മയും അളവും ഉറപ്പാക്കാന്‍ കഴിയൂ.

പ്ലാസ്റ്റിക് ഷാഫ്‌റ്റോട് കൂടിയ കൃത്രിമനാരുകള്‍ ഉപയോഗിച്ച് നിര്‍മിച്ച സ്വാബുകളാണ് സ്രവം ശേഖരിക്കുന്നതിന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ഇതനുസരിച്ചാണ് ചിത്ര എംബെഡ് ഫ്‌ളോക്ക്ഡ് നൈലോണ്‍ സ്വാബ്, ചിത്ര എന്മെഷ് പോളിമെറിക് ഫോം ടിപ്ഡ് ലിന്റ് ഫ്രീ സ്വാബ് എന്നിവ വികസിപ്പിച്ചത്. വഴങ്ങുന്ന പ്ലാസ്റ്റിക് പിടിയോടുകൂടിയ ഇവ രണ്ടും സ്രവം ശേഖരിക്കുന്നതിനും ശേഖരിച്ച സ്രവം ദ്രവമാധ്യമത്തിലേക്ക് മാറ്റുന്നതിനും അനുയോജ്യമാണെന്ന് ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശകിഷോര്‍ പറഞ്ഞു. ഇവ ഉപയോഗിച്ചുശേഖരിച്ച് ദ്രവമാധ്യമത്തില്‍ സൂക്ഷിക്കുന്ന സ്രവത്തില്‍ നിന്ന് വൈറസിന്റെ ആര്‍.എന്‍.എ. ആവശ്യത്തിന് വീണ്ടെടുക്കാനുംകഴിയും.

രണ്ടുതരം സ്വാബുകളുടെയും സ്രവം സൂക്ഷിച്ച് ലാബുകളില്‍ എത്തിക്കുന്നതിനുള്ള മാധ്യമത്തിന്റെ സാങ്കേതികവിദ്യയും മല്ലേലില്‍ ഇന്‍ഡസ്ട്രീസ്, ഒറിജിന്‍ ഡയഗ്‌നോസ്റ്റിക്‌സ്, ലെവ്‌റാം ലൈഫ് സയന്‍സസ് എന്നീ കമ്പനികള്‍ക്ക് ശ്രീചിത്ര കൈമാറി.

ദ്രവമാധ്യമവും 50 സ്വാബുകളും അടങ്ങുന്ന കിറ്റിന് 12,000 രൂപയാണ് വില. ശ്രീചിത്രയുടെ സ്വാബും മാധ്യമവും വിപണിയിലെത്തുന്നതോടെ വില കുറയ്ക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.

Top