ലോക്ക്ഡൗണില്‍ ദുരിതത്തിലായവരുടെ വിശപ്പകറ്റാന്‍ മാരുതി സുസുക്കി

ലോക്ക് ഡൗണ്‍ മൂലം ദുരിത്തിലായവരുടെ വിശപ്പകറ്റുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എല്‍). പ്രധാനമായും ഹരിയാനയിലെ നിര്‍മാണശാലകളുടെ പരിസരത്തു താമസിക്കുന്നവര്‍ക്കാണ് ഈ ലോക്ക്ഡൗണ്‍ കാലത്തു മാരുതി സുസുക്കിയുടെ സഹായം ലഭിക്കുന്നത്.

കഴിഞ്ഞ ആഴ്ചകളായി 1.20 ലക്ഷത്തിലേറെ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്‌തെന്നാണ്് കമ്പനി അവകാശപ്പെടുന്നത്. സമീപവാസികള്‍ക്ക് പതിനായിരത്തോളം ഭക്ഷ്യോപകരണ കിറ്റുകളും ലഭ്യമാക്കി. ശുദ്ധജല ലഭ്യത ഉറപ്പാക്കാനായി ഹരിയാനയിലെ 16 ഗ്രാമങ്ങളിലായി 17 ജല എ ടി എമ്മുകളും മാരുതി സുസുക്കി സ്ഥാപിച്ചിട്ടുണ്ട്.

അലിയാര്‍ ഗ്രാമത്തില്‍ പ്രതിദിനം 4,500 ലീറ്റര്‍ ജലവും മനേസാറിനടുത്തുള്ള ധന ഗ്രാമത്തില്‍ ദിവസവും 3,800 ലീറ്ററോളം ശുദ്ധജലവും വിതരണം ചെയ്യുന്നുണ്ടെന്നാണു മാരുതി സുസുക്കിയുടെ കണക്ക്. ഇതിനു പുറമെ ഗുരുഗ്രാം പ്രാദേശിക ഭരണകൂടത്തിനായി മുഖാവരണങ്ങളും സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

Top