ഇതരജില്ലകളിലേക്കുള്ള തൊഴിലാളികളുടെ യാത്രക്ക് അമിതനിരക്ക്; കര്‍ണാടകക്ക് ചെക്ക് വച്ച് കോണ്‍ഗ്രസ്

ബംഗളൂരു: ബംഗളൂരുവില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ഇതര ജില്ലകളിലേക്കുള്ള തൊഴിലാളികളുടെ ബസ് യാത്രക്ക് അമിത നിരക്ക് ഈടാക്കിയ കര്‍ണാടക സര്‍ക്കാറിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ്.

പ്രതിഷേധ സൂചകമായി കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കെ.എസ്.ആര്‍.ടി.സി എം.ഡിക്കു യാത്ര ചെലവിനായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് തൊട്ടുപിന്നാലെ തൊഴിലാളികളുടെ യാത്ര സൗജന്യമാക്കി യെദിയൂരപ്പ സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.

ലോക്ഡൗണിനെത്തുടര്‍ന്ന് കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് യാത്രാ സൗജന്യം ആശ്വാസമാകുന്നത്. തൊഴിലാളികള്‍ക്ക് ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് തലസ്ഥാന നഗരമായ ബംഗളൂരുവില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും കര്‍ണാടകയിലെ സ്വന്തം സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.

സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ പക്കല്‍ നിന്നും അമിതടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്.

Top