കൊറോണ രോഗികളെ പരിചരിക്കാന്‍ റോബോട്ടിനെ പരീക്ഷിച്ച് ജയ്പൂര്‍ ആശുപത്രി

ജയ്പൂര്‍:കൊറോണ വൈറസ് മൂലം രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് പോയിരിക്കുകയാണ് ഈ അവസരത്തില്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ റോബോട്ടിനെ പരീക്ഷിച്ച് ജയ്പൂരിലെ ആശുപത്രി.

ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ള ജീവനക്കാരെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാനാണ് ഈ നീക്കം. ഇത് വിജയിച്ചാല്‍ ആശുപത്രികള്‍ നേരിടുന്ന വന്‍ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സവായ് മാന് സിങ് (എസ്.എം.എസ്) സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇന്ന് റോബോട്ടിന്റെ ട്രയല്‍ നടത്തിയത്. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്കാണ് റോബോട്ട് സേവനം നല്‍കിയത്. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡി.എസ്. മീന പറഞ്ഞു.

എല്ലാ മുന്‍കരുതലുകളും എടുക്കുന്നുണ്ടെങ്കിലും വൈറസ് ബാധയെ കുറിച്ച് ജീവനക്കാര്‍ ആശങ്കയിലാണ്. ഭക്ഷണവും മരുന്നും നല്‍കാന്‍ രോഗികളുമായി ഇടയ്ക്കിടെ ബന്ധപ്പെടുന്നത് ഒഴിവാക്കാന്‍ റോബോട്ടിന്റെ സാന്നിധ്യം സഹായിക്കും -ഡോ. മീന

ജയ്പൂരിലെ ഒരു സംരംഭകനാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ നിര്‍മ്മിച്ചത്.

Top