മാസ്‌ക് ധരിക്കണം,അനാവശ്യ കറക്കം വേണ്ട; കൊച്ചിയില്‍ കർശന നടപടിയുമായി പൊലീസ്

കൊച്ചി: സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് നഗരത്തില്‍ പരിശേധന ശക്തമാക്കി പൊലീസ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കും മാസ്‌ക് ധരിക്കാത്തവര്‍ക്കുമെതിരെ പൊലീസ് കര്‍ശന നടപടിയാണ് സ്വീകരിക്കാനൊരുങ്ങുന്നത്.

ചമ്പക്കര മാര്‍ക്കറ്റില്‍ ഇന്നു വെളിപ്പിനെ നടത്തിയ പരിശോധനയ്ക്കു പിന്നാലെ കലൂര്‍, എം.ജി. റോഡ്, പാലാരിവട്ടം എന്നിവിടങ്ങളില്‍, ആദ്യഘട്ടത്തില്‍ പിടികൂടിയവരെ താക്കീതു നല്‍കി വിട്ടയച്ചു. ബസുകളിലും പരിശോധന നടത്തുന്നുണ്ട്.

കൊച്ചി ചമ്പക്കര മാര്‍ക്കറ്റില്‍ രാവിലെ അഞ്ചരയോടെയാണ് പൊലീസിന്റെയും നഗരസഭയുടെയും പരിശോധന നടന്നത്. മാസ്‌ക് ധരിക്കാത്തവരുള്‍പ്പെടെ അമ്പതോളം പേരെയാണ് കസ്റ്റഡിയിലെടുത്തത്.

നഗരസഭാ സെക്രട്ടറി, കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണറുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഇനിയും പരിശോധന തുടരുമെന്ന് ഡിസിപി ജി.പൂങ്കുഴലി പറഞ്ഞു. നിബന്ധന പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റ് അടച്ചിടുമെന്നും മുന്നറിയിപ്പ് നല്‍കി.

അതേസമയം കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രി ഒപിയില്‍ രണ്ടുദിവസം മുമ്പെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 15 ജീവനക്കാര്‍ ക്വാറന്റീനില്‍ പോയി. ഇന്ദിരാഗാന്ധി ആശുപത്രി അണുവിമുക്തമാക്കി.

ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന നടപടി ആരോഗ്യ വകുപ്പ് ആരംഭിച്ചു. കോവിഡ് സ്ഥിരീകരിച്ച രോഗിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കടവന്ത്രയിലെ ഫ്‌ലാറ്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയെല്ലാം ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്നെത്തുന്ന എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധനകള്‍ നടത്തും. ഇതിനായി വിമാനത്താവളത്തില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ജില്ലയില്‍ പരിശോധനകളും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.

Top