കൊവിഡ് പ്രതിരോധം; പിണറായി സര്‍ക്കാരിനെ വാനോളം പുകഴ്ത്തി ക്രൈസ്തവ ചിന്ത മാസിക

ആലപ്പുഴ: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പ്രശംസിച്ച് ക്രൈസ്തവ സാംസ്‌കാരിക മാസികയായ ‘ക്രൈസ്തവ ചിന്ത.

‘ആഗോള ആരോഗ്യ സൂചികയില്‍ 57-ാം സ്ഥാനം മാത്രമുള്ള ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമായ കേരളം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകാന്‍ മുഖ്യ കാരണം പിണറായി വിജയന്‍ അമരക്കാരനായ സംസ്ഥാന ഗവര്‍മെന്റിന്റെ ഭരണമികവ് തന്നെയാണെന്നാണ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.ഒപ്പം ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന്റെ നടപടികളും ശ്ലാഘിക്കാതെ വയ്യ’ എന്നും ലേഖനത്തില്‍ പറയുന്നു.

ക്രൈസ്തവ ചിന്ത മാസികയിലെ കൊറോണ പ്രത്യേകപതിപ്പില്‍ ”കൊറോണ പ്രതിരോധം?-പഴുതുകളടച്ചു മുന്നേറുന്ന പിണറായി സര്‍ക്കാര്‍” എന്ന ലേഖനത്തിലാണ് പിണറായി സര്‍ക്കാറിനെ വാനോളം പുകഴ്ത്തിയിരിക്കുന്നത്.

‘കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുമെന്നു പ്രതീക്ഷിക്കുന്നു’ എന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ വാക്കുകള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് പ്രത്യേക ലേഖകന്‍ സന്ദീപ് വിളമ്പുകണ്ടം കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നത്.

ചൈനയില്‍ കോവിഡ് വ്യാപകമായതോടെ ഏറ്റവും കൂടുതല്‍ വിദേശബന്ധമുള്ള സംസ്ഥാനം എന്ന നിലയില്‍ വെറസ് കേരളത്തിലെത്താന്‍ വൈകിയില്ല.
കേരളത്തിലെ ആരോഗ്യമേഖല അന്നുമുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി എന്നും ലേഖനത്തില്‍ പറയുന്നു.

രോഗമുള്ളവരെ ചികിത്സിക്കാനും രോഗ സാധ്യതയുള്ളവരെ ഐസൊലേഷനിലാക്കാനും സര്‍ക്കാര്‍ ചെലവില്‍ തന്നെ സംവിധാനം. രാജ്യം ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു ഒരു ദിവസം മുമ്പുതന്നെ സംസ്ഥാനം അടച്ചുപൂട്ടല്‍ നടപ്പാക്കി. പിന്നെ സൗജന്യ റേഷന്‍, ക്ഷേമ പെന്‍ഷന്‍ വീട്ടില്‍ എത്തിക്കല്‍, സമൂഹ അടുക്കള, ടെലി കൗണ്‍സിലിങ് തെരുവിലുറങ്ങുന്നവര്‍ക്കുപോലും അഭയകേന്ദ്രവും ഭക്ഷണവും, അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക കരുതല്‍. ഇതൊക്കെ കേരളത്തിന്റെ മാത്രം സവിശേഷതകളാണെന്നും ലേഖനത്തില്‍ പറയുന്നു.

കൊറോണ കാലത്തെ കരുതല്‍പോലെ, കൃത്യമായ അകലംപാലിച്ചും ചുട്ടെടുത്ത അപ്പംപോലെ മിതത്വവും കനവുമുള്ള വാക്കുകളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനങ്ങള്‍ കൃത്യമായ വിവരം നല്‍കി ജനങ്ങളില്‍ ആത്മവിശ്വാസമുണ്ടാക്കുന്നുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വികസിത രാജ്യങ്ങളില്‍ താമസിക്കുന്ന ഒട്ടുമിക്ക മലയാളികളും നമ്മുടെ ആരോഗ്യ സംവിധാനത്തെ വിലകുറച്ചു കണ്ടവരാണ്. എന്നാല്‍ ഇക്കുറി അതെല്ലാം പിണറായി തിരുത്തിക്കുറിച്ചുവെന്നും വ്യക്തമായി ചൂണ്ടിക്കാട്ടുന്നു.

നമ്മുടെ നാട് തകര്‍ന്നുകൂട; അതിനെ തകര്‍ക്കാന്‍ ആരെയും അനുവദിച്ചുകൂടാ എന്ന വാശി കേരളീയര്‍ക്ക് വേണം’ എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്കു ശ്രമിക്കാം. ഈ വേളയില്‍ നമുക്ക് രാഷ്ട്രീയ വിയോജിപ്പുകള്‍ മറന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാം. അഭിമാനിക്കാം.അനുസരിക്കാം. കോവിഡ് 19നെതുരത്താം. എന്ന വാചകത്തോടെയാണ് കവര്‍ സ്റ്റോറി അവസാനിക്കുന്നത്.

Top