കൊവിഡ് ബാധിതര്‍ കൂടുന്നു; എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും സജ്ജമായിരിക്കാന്‍ ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്‌നിക്കല്‍ വിഭാഗമുള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.

സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്‌പെഷ്യല്‍ യൂണിറ്റുകളിലെയും എസ്.പിമാര്‍ ഉള്‍പ്പെടെയുളള 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയ്ക്ക് ലഭ്യമാക്കും. ഇവര്‍ നാളെ രാവിലെ ജില്ലാ പോലീസ് മേധാവിമാര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യും. പോലീസ് മൊബിലൈസേഷന്റെ ചുമതല ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പിയ്ക്കാണ് നല്‍കിയിരിക്കുന്നത്.

സ്‌പെഷ്യല്‍ പോലീസ് ഓഫീസേഴ്‌സ്, ഹോം ഗാര്‍ഡുകള്‍ എന്നിവരുടെ സേവനം ഉറപ്പാക്കും. കഴിയുന്നത്ര പോലീസ് വോളന്റിയേഴ്‌സിനെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലേര്‍പ്പെടുന്ന പോലീസുദ്യോഗസ്ഥരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ സ്റ്റേറ്റ് വെല്‍ഫെയര്‍ ഓഫീസറായ ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പിക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Top