കൊവിഡ് രോഗിയുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ്

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം കല്ലെറിഞ്ഞോടിച്ച സംഭവത്തില്‍ ഏഴ്‌പേര്‍ അറസ്റ്റില്‍. കൊവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെയാണ് ജനക്കൂട്ടം കല്ലെറിഞ്ഞ് ഓടിച്ചത്. ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരന്തരം അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് ഈ സംഭവം അരങ്ങേറിയത്.

ഇന്‍ഡോറിലെ ടാട്പാട്ടി ഭഗാല്‍ പ്രദേശത്ത് വച്ച് ഇന്നലെയാണ് ജനക്കൂട്ടം ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത്. ഡോക്റ്റര്‍മാര്‍, നഴ്‌സുമാര്‍ ആശാവര്‍ക്കര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

പ്രദേശത്ത് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. ഇതില്‍ ഒരു സംഘത്തിന് നേരെ ജനങ്ങള്‍ സംഘടിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Top