ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികള്‍ കൂടി മരിച്ചു

അബുദാബി: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട വള്ളംകുളം പാറപ്പുഴ വീട്ടില്‍ ജയചന്ദ്രന്‍ പിള്ള (57),കാസര്‍ഗോഡ് ഉടുമ്പന്തല സ്വദേശി മുഹമ്മദ് അസ്ലം (32)തൃശൂര്‍ സ്വദേശിയായ പുത്തന്‍ചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.

ജയചന്ദ്രന്‍ പിള്ള കഴിഞ്ഞ മാസം 26 മുതല്‍ അജ്മാന്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്.മുഹമ്മദ് അസ്ലം ദുബായ് അല്‍ ഖുസൈസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഷാര്‍ജയില്‍ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്ന ഉണ്ണികൃഷ്ണന്‍ നാല് മാസം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിയത്. ഹൃദ്രോഗത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. പ്രമേഹവും അലട്ടിയിരുന്നതായാണ് വിവരം.

ഇന്ന് മൂന്ന് മലയാളികള്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ ഗള്‍ഫില്‍ കോവിഡ് ജീവനെടുത്ത മലയാളികളുടെ എണ്ണം 98 ആയി ഉയര്‍ന്നു. ഗള്‍ഫില്‍ 163,644 കോവിഡ് രോഗ ബാധിതരാണുള്ളത്.

Top