സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം: റെഡ്‌സോണ്‍, ഹോട്‌സ്‌പോട്ട് അടക്കമുള്ള സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. റെഡ്‌സോണിലും ഹോട്‌സ്‌പോട്ടിലുമുള്ള ഓഫിസുകളില്‍ അതത് ജില്ലകളിലെ ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നു പൊതുഭരണ സെക്രട്ടറി നിര്‍ദേശിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എല്ലാ ഓഫിസുകളും തുറക്കണം. റെഡ്‌സോണ്‍, ഹോട്‌സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ ഗ്രൂപ്പ് എ, ബി ജീവനക്കാരില്‍ പരമാവധി 50% ഉദ്യോഗസ്ഥര്‍ ഹാജരാകണം. ഗ്രൂപ്പ് സി, ഡി വിഭാഗം ജീവനക്കാരില്‍ 33% ഹാജരാകണം. ശേഷിക്കുന്ന ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം നയം സ്വീകരിക്കാവുന്നതാണ്. വകുപ്പ് തലവന്‍മാരുടെ നിര്‍ദേശം അനുസരിച്ച് ഇവര്‍ ജോലിക്കെത്തിയാല്‍ മതിയാകുമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

അടിയന്തര ജോലികളോ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലികളോ ഉണ്ടെങ്കില്‍ മാത്രം ഗ്രൂപ്പ് ഡി ജീവനക്കാരെ ഓഫിസ് ജോലിക്ക് നിയോഗിക്കണം. ഓഫിസ് തലവന്‍മാര്‍ ഡ്യൂട്ടി ചാര്‍ട്ട് തയാറാക്കണം. അതത് ജില്ലകളിലെ ജീവനക്കാരെ ലഭിച്ചില്ലെങ്കില്‍ മാത്രമേ മറ്റുള്ള ജില്ലകളിലെ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ. തിരിച്ചറിയല്‍ കാര്‍ഡും ഡ്യൂട്ടി ചാര്‍ട്ടും കാണിച്ചാല്‍ ഉദ്യോഗസ്ഥരുടെ അന്തര്‍ജില്ലാ യാത്രകള്‍ അനുവദിക്കണമെന്നും നിര്‍ദേശം.

ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍, 5 വയസില്‍ താഴെയുള്ള കുട്ടികളുള്ളവര്‍ തുടങ്ങിയവരെ ഡ്യൂട്ടിയില്‍നിന്ന് പരമാവധി ഒഴിവാക്കണം. ഇ ഫയല്‍ പ്രോസസ് ചെയ്യുന്ന എല്ലാ ജീവനക്കാരും വിപിഎന്‍ കണക്ടിവിറ്റി നേടണം. ഇഫയല്‍ നീക്കത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അവശ്യസേവനം നടത്തുന്ന വകുപ്പുകളിലെ ജീവനക്കാര്‍ ദിവസവും ജോലിക്ക് ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു.

Top