യു.എ.ഇയില്‍ കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും

ദുബായ്: കോവിഡ് പ്രതിരോധ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. തുടര്‍ച്ചയായി നിയമം ലംഘിക്കുന്നവര്‍ക്ക് 6 മാസത്തെ ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം പിഴയും നല്‍കേണ്ടിവരും. കോവിഡ് ബാധ സംശയിക്കുന്നവര്‍/കൊറോണ രോഗികള്‍ എന്നിവര്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചാല്‍ 50,000 ദിര്‍ഹമാണ് പിഴ.

കോവിഡ് 19 പരിശോധന കഴിഞ്ഞവരുടെ രോഗവിവരങ്ങള്‍ നിരീക്ഷിക്കാനുള്ള അല്‍ ഹോസന്‍ യുഎഇ അടക്കമുള്ള ആപ്പ് ഇന്‍സ്റ്റാള്‍ചെയ്യാതിരുന്നാലും പിഴയുണ്ട്. രോഗം സ്ഥിരീകരിച്ചവര്‍ പുറത്തിറങ്ങി നടക്കുന്നുണ്ടോ എന്നറിയുന്നതിനായി അവര്‍ക്കേര്‍പ്പെടുത്തിയ ഇലക്ട്രോണിക് ബ്രേസ്ലെറ്റ് മനഃപൂര്‍വ്വം കേടു വരുത്തിയാലും പിഴ നല്‍കണം. 10,000 ദിര്‍ഹമാണ് ഇവയ്ക്ക് രണ്ടിനുമുള്ള പിഴ.

അതേസമയം, കോവിഡ് രോഗികളുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കിയാല്‍ 2000 ദിര്‍ഹവും മുന്നറിയിപ്പ് അവഗണിച്ച് കുടുംബയോഗങ്ങളും മറ്റും സംഘടിപ്പിച്ചാല്‍10,000 ദിര്‍ഹവുമാണ് പിഴ. സ്വകാര്യ ക്ലാസ്സുകള്‍ സംഘടിപ്പിച്ചാല്‍,അത് സൗജന്യമാണെങ്കില്‍ കൂടി 20,000 ദിര്‍ഹമാണ് പിഴ. കോവിഡ് പരിശോധന നടത്താന്‍ വിസമ്മതിച്ചാല്‍ 5000 വും, യാത്രാനുമതി ലംഘിച്ച് പുറത്തിറങ്ങുന്നതിന് 3000 ദിര്‍ഹവും തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കാത്തതിന് 20,000 ദിര്‍ഹവുമാണ് പിഴ.

Top