ആശങ്ക; രാജ്യത്ത് തുടര്‍ച്ചയായി മൂന്നാംദിനവും അയ്യായിരത്തേലേറെ പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പുതുതായി അയ്യായിരത്തിലേറെ പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 5546 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് മൊത്തം 1,17,743 പേര്‍ക്ക് രോഗം ബാധിച്ചതായാണ് കണക്ക്. ഇതുവരെയും 3566 പേരാണ് രാജ്യത്ത് മരണപ്പെട്ടത്.

മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ കോവിഡില്‍ നിന്നു സുഖം പ്രാപിക്കുന്നവരുടെ ദേശീയ ശരാശരി 40 ശതമാനമായിരിക്കെ മഹാരാഷ്ട്രയില്‍ ഇത് 25% മാത്രം. മഹാരാഷ്ട്രയില്‍ വന്‍ തോതില്‍ രോഗം പടര്‍ന്ന ഈ മാസം 21 ദിവസത്തിനിടെ കോവിഡ് ബാധിച്ചത് മുപ്പതിനായിരത്തിലേറെ പേര്‍ക്കാണ്.

മാര്‍ച്ച് അവസാനിക്കുമ്പോള്‍ 302 രോഗികളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ രോഗികള്‍ 41,642. ഇതില്‍ 25,500 പേരും മുംബൈയില്‍. മൊത്തം രോഗികളില്‍ സുഖപ്പെട്ടത് പതിനായിരത്തിലേറെപ്പേര്‍ മാത്രം. ഈ മാസം ഇതുവരെ കോവിഡ് മരണം 995. ഇന്നലെ 64 പേര്‍ മരിച്ചതില്‍ 41 പേരും മുംബൈയില്‍. സംസ്ഥാനത്ത് മൊത്തം മരണം 1454. അഞ്ച് ദിവസമായി 2000നു മുകളിലാണു പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം.

അതേസമയം, രോഗികളുടെ എണ്ണത്തില്‍ രാജ്യത്തു രണ്ടാമതാണെങ്കിലും മരണനിരക്ക് കുറവായതിന്റെ ആശ്വാസത്തിലാണു തമിഴ്‌നാട്. ഇന്നലെ 7 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് മരണം 94 ആയി. തുടര്‍ച്ചയായ അഞ്ചാം ദിനവും രോഗികള്‍ 500 നുമുകളിലാണ്. ഇന്നലെ 776 പേര്‍ക്കു കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതര്‍ 13,969. ഇതില്‍ ചെന്നൈയില്‍ മാത്രം രോഗികള്‍ 8795. കേരളത്തില്‍ നിന്ന് വന്ന ഒരാളുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 79 പേരും പുതിയ രോഗികളില്‍പ്പെടുന്നു. തമിഴ്‌നാട്ടിലടക്കം സീരിയല്‍, ടിവി ഷോ ഷൂട്ടിങ് അനുമതിയുള്‍പ്പെടെ ഇളവുകള്‍ തുടരുകയാണു തമിഴ്‌നാട് സര്‍ക്കാര്‍.

Top