”ഞങ്ങളുണ്ട് കൂടെ”; കൊവിഡ് പ്രതിരോധത്തില്‍ കൈതാങ്ങായി ഡിവൈഎഫ്ഐയും

തിരുവനന്തപുരം: സംസ്ഥാനം ഇപ്പോള്‍ കനത്ത ജാഗ്രതയിലാണ്, കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രണാധീതമായി കൊണ്ടിരിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നലവിലുളളത്. സര്‍ക്കാരും,ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും പൂര്‍ണമായും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിട്ടുണ്ട്.

ഇപ്പോഴിതാ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ ക്വാറന്റൈനില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് മരുന്നടക്കമുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുവാനും സഹായത്തിനും ഡിവൈഎഫ്ഐ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ”ഞങ്ങളുണ്ട് കൂടെ” എന്ന് പേരിട്ടിരിക്കുന്ന കണ്‍ട്രോള്‍ റൂമാണ് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്.

മരുന്നിനും ഭക്ഷണത്തിനും വീട്ടില്‍ സാധനങ്ങള്‍ കിട്ടാത്തവര്‍ക്കും അടിയന്തരാവശ്യത്തിന് കൂട്ടിനാളില്ലെങ്കിലും സംസ്ഥാനത്ത് എവിടെനിന്നും കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാവുന്നതാണ്. പ്രശ്നപരിഹാരത്തിന് കുറഞ്ഞസമയത്തിനുള്ളില്‍ അവിടെ പ്രവര്‍ത്തകരെത്തുന്ന വിധമാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.

സംസ്ഥാനതലത്തില്‍ ആറുപേരുള്ളതാണ് കണ്‍ട്രോള്‍ റൂം. 9895858666, 9895868666, 8590025849, 8590011044, 8590018240, 7012215574 എന്നിവയാണ് വിളിക്കേണ്ട നമ്പറുകള്‍. വിളിക്കുന്നവരുടെ ആവശ്യം അന്വേഷിച്ച് വിവരം ജില്ലാതല സംഘത്തിന് കൈമാറും. ഓരോ ജില്ലയിലും അഞ്ചുപേരടങ്ങുന്ന സംഘത്തെയാണ് നിയമിക്കുക. അഞ്ചുപേര്‍വീതമുള്ള റെസ്പോണ്‍സ് ടീം ബ്ലോക്ക്തലത്തിലായിരിക്കും പ്രവര്‍ത്തിക്കുക.

ഹോംകോറന്റൈന്‍ കഴിയുന്നവരും, ജോലിയും വരുമാനവും നിലച്ചുപോയവരും, വിദേശത്തു നിശ്ചിത സമയത്തു തിരിച്ചെത്താന്‍ കഴിയാത്തതു കാരണം ജോലിയിലും വരുമാനത്തിലും ആശങ്കയുള്ളവരും, തുടര്‍ച്ചയായ ദിവസങ്ങളില്‍ സാമൂഹ്യ സമ്പര്‍ക്കമില്ലാതെ കഴിയുന്ന കുഞ്ഞുങ്ങളും, വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ വ്യത്യസ്തമായ മാനസിക പിരിമുറുക്കങ്ങളാണ് നേരിടുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ ശാസ്ത്രീയമായി പരിചരിക്കേണ്ട ബാധ്യത കൂടി നമുക്കുണ്ടെന്നും ഡിവൈഎഫ്‌ഐ ഈ സേവനം കൂടി നല്കാന്‍ തീരുമാനിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവിലുള്ള കാള്‍ സെന്റര്‍ നമ്പറുകളിലേയ്ക്ക് വിളിച്ചാല്‍ പ്രമുഖരായ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കുമെന്നും പറഞ്ഞു. ടെലിഫോണിക്/ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം ഒരു സാഹചര്യം നമ്മള്‍ നേരിടുന്നത് ആദ്യമായാണ്. അതിനാല്‍ പുതിയ തരം പ്രതിസന്ധികളില്‍ നമുക്കാര്‍ക്കും ഉണ്ടായേക്കാവുന്ന മാനസിക പിരിമുറുക്കങ്ങള്‍ കൂടി നമുക്ക് അതിജീവിക്കണമെന്നും റഹീം പറഞ്ഞു.

Top