കൊവിഡ് ; കേരളത്തിന് കൈത്താങ്ങായി കുവൈറ്റ് സഹായക്കപ്പലെത്തും

കുവൈറ്റ് സിറ്റി: കൊവിഡ് രണ്ടാം തരംഗത്തെ പിടിച്ചുനിര്‍ത്താന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കേരളത്തിന് കൈത്താങ്ങായി കുവൈറ്റില്‍ നിന്നുള്ള സഹായക്കപ്പല്‍ ഇന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കും. കെയര്‍ ഫോര്‍ കേരള എന്ന പേരില്‍ നടത്തിയ ക്യാംപെയ്ന്‍ വഴി കുവൈറ്റിലെ മലയാളി വ്യാപാരികള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ സമാഹരിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ അടങ്ങുന്ന കപ്പലാണ് ഇന്ന് യാത്ര  തിരിക്കുക.

കൊവിഡിനെതിരായ പോരാട്ടത്തില്‍ കേരളത്തെ സഹായിക്കാന്‍ പ്രവാസി സമൂഹം മുന്നോട്ടുവരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന ഏറ്റെടുത്താണ് കുവൈറ്റില്‍ കെയര്‍ ഫോര്‍ കേരള ക്യാംപയിന് തുടക്കം കുറിച്ചത്. പ്രവാസി ക്ഷേമനിധി ബോര്‍ഡ് പ്രതിനിധി എന്‍ അജിത് കുമാര്‍, പ്രവാസി നേതാക്കളായ സജി തോമസ് മാത്യു, സി കെ നൗഷാദ്, സാം പൈനുമ്മൂട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കേരളത്തിന് സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള ക്യാംപയിന്‍ നടന്നത്. മികച്ച പ്രതികരണമായിരുന്നു ക്യാംപയിന് പ്രവാസി സമൂഹത്തില്‍ നിന്ന് ലഭിച്ചത്. ക്യാംപയിന്റെ ഭാഗമായി 1.25 കോടി രൂപയുടെ സഹായ ഉപകരണങ്ങള്‍ സമാഹരിക്കാനായതായി സംഘാടകര്‍ അറിയിച്ചു. ഇന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കപ്പലില്‍ 348 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 100 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 250 റഗുലേറ്ററുകള്‍ എന്നിവയാണ് ഉള്ളത്.

 

 

Top