കൊറോണബാധിച്ച് മരിച്ചത് 2,800 പേര്‍, രോഗം സ്ഥിരീകരിച്ചത് 81,200 പേര്‍ക്ക്

ബെയ്ജിങ്: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 (കൊറോണ) വൈറസ് മൂലം മരണപ്പെട്ടത് 2,800 പേര്‍. ഇതുവരെയുമായി 47 രാജ്യങ്ങളില്‍ കൊറോണ വ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ചവരെ 81,200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ചൈനയില്‍ രോഗവ്യാപനത്തിലും മരണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും യൂറോപ്പിലും പശ്ചിമ, മധ്യേഷ്യന്‍ രാജ്യങ്ങളിലും രോഗബാധ കൂടിയത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

ജര്‍മനിയിലും യു.എസിലും വൈറസ് ബാധിതരുമായി ബന്ധപ്പെടാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്കാണ് ഈ രാജ്യങ്ങള്‍ നീങ്ങുന്നത്. എവിടെനിന്നാണ് വൈറസ് പുറപ്പെടുന്നതെന്ന് അറിയാന്‍ കഴിയാത്തതാണ് പ്രധാന പ്രതിസന്ധി.
പലവഴികളിലൂടെയും വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന.

യൂറോപ്പില്‍ ഒമ്പതിലധികം രാജ്യങ്ങളിലാണ് രോഗം റിപ്പോര്‍ട്ടുചെയ്തത്. ഡെന്‍മാര്‍ക്ക്, എസ്‌തോണിയ, നോര്‍വേ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലും ആദ്യ വൈറസ് ബാധ കണ്ടെത്തി. ഇറ്റലി, ബ്രിട്ടന്‍, സ്‌പെയിന്‍ എന്നിവ കനത്ത ജാഗ്രതയിലാണ്.

Top