സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് പത്തനംതിട്ട സ്വദേശി

കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട സ്വദേശി ജോഷിയാണ് (65) കൊവിഡ് ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു മരണം. അബുദാബിയില്‍ നിന്ന് ഈ മാസം 11-നാണ് നാട്ടിലെത്തിയത്. കടുത്ത പ്രമേഹ രോഗി ആയിരുന്നു ഇദ്ദേഹം. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എട്ടാമത്തെ കൊവിഡ് മരണമാണ് ഇദ്ദേഹത്തിന്റേത്.

18ാം തീയതി മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് ഈ മാസം 27-ാം തീയതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്. അബുദാബിയില്‍ നിന്ന് ഈ മാസം 11-ന് എത്തിയ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് ചികിത്സയിലേക്ക് മാറ്റി.

പ്രമേഹവും അമിതവണ്ണവും മൂലമാണ് അദ്ദേഹത്തിന്റെ ചികിത്സ ഫലപ്രദമാകാതിരുന്നതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 94 കിലോ ആയിരുന്നു അദ്ദേഹത്തിന്റെ ശരീരവണ്ണം. മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാകും സംസ്‌കരിക്കുക.

Top