കൊവിഡ് പ്രതിസന്ധി; ആഗോള വിപണിയുടെ തിരിച്ചുവരവിന് സമയമെടുക്കും

വാഷിങ്‌ടണ്‍: കൊവിഡ് സമാനതകളില്ലാത്ത ആഗോള തൊഴിൽ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ഐക്യരാഷ്ട്രസഭ. ഈ പ്രതിസന്ധി വരുന്ന വര്‍ഷങ്ങളിലും ആഗോള മാർക്കറ്റിന്‍റെ പ്രവര്‍ത്തനങ്ങളെ കാര്യമായി സ്വാധീനിക്കുമെന്നും അന്താരാഷ്ട്ര തൊഴിൽ സംഘടന തയാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു. തൊഴില്‍ മേഖലയുടെ ശോഷണം എല്ലാ രാജ്യങ്ങളുടെയും ദേശീയ വരുമാനത്തില്‍ കാര്യമായ ഇടിവ് വരുത്തിവച്ചിട്ടുണ്ട്. തൊഴിലാളികൾക്കും സംരംഭങ്ങൾക്കും ദീർഘകാലത്തേക്ക് ഇത് പ്രതിസന്ധിയുണ്ടാക്കുമെന്നും യുഎൻ ഏജൻസി പറഞ്ഞു.

സ്ത്രീകളും യുവാക്കളുമടക്കം അനൗപചാരിക മേഖലയിലെ 2 ബില്യണ്‍ ആളുകളാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നവരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ൽ, ആകെ ജോലി സമയത്തിന്‍റെ 8.8 ശതമാനം നഷ്ടപ്പെട്ടു. 255 ദശലക്ഷം ജോലിക്കാര്‍ ഒരു വർഷം ചെയ്യുന്ന ജോലിയാണ് മാര്‍ക്കറ്റില്‍ നടക്കാതെ പോയത്. ഇത് വളരെ വലിയൊരു കണക്കാണ്. കൊവിഡ് ഇല്ലായിരുന്നെങ്കില്‍ 30 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ട വര്‍ഷമായിരുന്നു 2020 എന്നും റിപ്പോർട്ടില്‍ പറയുന്നു.പ്രതിസന്ധി ഉടനൊന്നും അവസാനിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top