കൊവിഡ് പ്രതിരോധം; വിരമിച്ച ജീവനക്കാരെ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമിക്കുന്നു

തിരുവനന്തപുരം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്ന വിരമിച്ച ജീവനക്കാര്‍ക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനം നല്‍കാന്‍ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് കൊവിഡ് 19 ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്ന 2020 ഏപ്രില്‍ 30ന് വിരമിച്ച ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും ജീവനക്കാരുടെ സേവനം തുടര്‍ന്നും ലഭ്യമാക്കാനാണ് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമിക്കുന്നത്.

ഇവര്‍ വിരമിച്ച ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നതുവരേയോ അല്ലെങ്കില്‍ പരമാവധി 2 മാസ കാലയളവിലേക്കോ ആണ് (ജൂണ് 30 വരെ) അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനം നല്‍കുക. കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സംസ്ഥാനത്തും ആരോഗ്യ മേഖലയിലും വലിയ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്കും ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ക്കും തടസം കൂടാതെ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. മാര്‍ച്ച് 31-ന് വിരമിച്ച ജീവനക്കാര്‍ക്ക് ജൂണ്‍ 30 വരെ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.

Top