ചെന്നൈയില്‍ 10 ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 90 ഓളം ഡോക്ടര്‍മാക്ക്

ചെന്നൈ: കഴിഞ്ഞ പത്തു ദിവസത്തിനിടെ ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലെ 90-ഓളം ഡോക്ടര്‍മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് ആശങ്കയായി. ഇതില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ കുറവാണെന്നും മറ്റുവിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ചെന്നൈയിലെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ 500 കിടക്കകള്‍കൂടി വര്‍ധിപ്പിക്കാന്‍ ഒരുങ്ങവെയാണ് നിരവധി ഡോക്ടര്‍മാര്‍ക്ക് രോഗബാധയേറ്റ വിവരം പുറത്ത് വരുന്നത്. അതിനിടെ, തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സ്ഥിതി ദയനീയമാണെന്ന് വാര്‍ത്താ ഏജന്‌സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് മാസത്തോളമായി ശരിയായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കുടുംബാംഗങ്ങളെ കാണാനോ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വീഡിയോ കോളിംങ് വഴി മാത്രമാണ് പലരും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നത്.

അതേസമയം, ചെന്നൈയിലെയും സമീപ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ 2000 നഴ്‌സുമാരെക്കൂടി സര്‍ക്കാര്‍ പുതുതായി നിയമിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം ജില്ലകളില്‍ 81 റാപ്പിഡ് റെസ്‌പോണ്‍സ് മെഡിക്കല്‍ ടീമുകളെക്കൂടി വിന്യസിച്ചിട്ടുണ്ടെന്ന് ആരോഗ്യന്ത്രി സി വിജയഭാസ്‌കര്‍ പറഞ്ഞു. ആറു മാസത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് നഴ്‌സുമാരുടെ നിയമനം.

Top