കോവിഡ് പ്രതിരോധം; ടീം മാസ്‌ക് ഫോഴ്‌സുമായി ബി.സി.സി.ഐ

ന്യൂഡല്‍ഹി: കൊറോണ എന്ന മഹാമാരിയുടെ പിടിയില്‍ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് നാം ഓരോരുത്തരും. അതിനായി പലരും പല പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട്. ഇപ്പോഴിതാ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എന്നിവരെയെല്ലാം അണിനിരത്തി ബി.സി.സി.ഐ ടീം മാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ക്രിക്കറ്റ് താരങ്ങള്‍ പറയുന്ന വീഡിയോയും ബി.സി.സി.ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.

മാസ്‌ക് ധരിച്ച് മാസ്‌ക് ഫോഴ്‌സിന്റെ ഭാഗമാകാന്‍ വീഡിയോയിലൂടെ സച്ചിന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു. ഒപ്പം കൈകള്‍ 20 സെക്കന്റ് കഴുകാനും സാമൂഹിക അകലം പാലിക്കാനും സച്ചിന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുക എന്നത് അഭിമാനകരമാണെന്നും എന്നാല്‍ ഇന്ന് നമ്മള്‍ അതിലും വലിയൊരു ടീമിനെയാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും വിരാട് കോലി വീഡിയോയില്‍ പറയുന്നു.

Top