കൗമാരക്കാര്‍ക്കുള്ള വാക്‌സിന് അടുത്താഴ്ചയോടെ അനുമതി

വാഷിങ്‌ടൺ: 12 വയസിന് മുകളിലുളളവര്‍ക്ക്‌  കൊവിഡ്-19  ഫൈസർ വാക്‌സിൻ നൽകാനുള്ള യുഎസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍റെ(എഫ്‌ഡിഎ) അനുമതി അടുത്തയാഴ്‌ചയോടെ ലഭിക്കുമെന്ന് അധികൃതർ.

16 വയസിന് മുകളിലുള്ളവർക്ക് നൽകാൻ ഇതിനകം അംഗീകാരം നൽകിയിട്ടുള്ള ഈ വാക്‌സിൻ അതിനു താഴെയുള്ള വിഭാഗക്കാർക്കും സുരക്ഷിതമാണെന്ന കമ്പനിയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അംഗീകാരം പ്രതീക്ഷിക്കുന്നത്. അതേസമയം കൗമാരക്കാർക്ക് ഈ വാക്‌സിൻ ശുപാർശ ചെയ്യണമോ എന്ന് ഫെഡറൽ വാക്‌സിൻ ഉപദേശക സമിതിയുമായി ചർച്ച ചെയ്‌ത ശേഷമാകും എഫ്‌ഡിഎ നടപടി സ്വീകരിക്കുക.

12 നും 15 നും ഇടയിൽ പ്രായമുള്ള 2,260 യുഎസ് വോളന്‍റിയർമാരിൽ നടത്തിയ വാക്‌സിൻ പഠനത്തിന്‍റെ പ്രാഥമിക ഫലങ്ങൾ മാർച്ച് അവസാനത്തോടെ ഫൈസർ പുറത്തുവിട്ടിരുന്നു. ഡമ്മി കുത്തിവയ്‌പ്പ് നടത്തിയ 18 പേരെ അപേക്ഷിച്ച് മറ്റു കൗമാരക്കാരിൽ കൊവിഡ് കേസുകൾ ഇല്ലെന്ന് സ്ഥിരീകരിച്ചു. അതേസമയം കുട്ടികളിൽ ചെറുപ്പക്കാർക്ക് സമാനമായ പാർശ്വഫലങ്ങളുണ്ടെന്നും കമ്പനി അറിയിച്ചു. വേദന, പനി, ജലദോഷം, ക്ഷീണം എന്നിവയാണ് പ്രധാനമായും രണ്ട് ഡോസ് സ്വീകരിച്ചവരിൽ കണ്ടുവരുന്ന പാർശ്വഫലങ്ങൾ. ഇതിനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ തുടരുമെന്നും കമ്പനി അറിയിച്ചു.

12 മുതൽ 17 വയസുവരെയുള്ള കുട്ടികളിൽ മോഡേണയുടെ വാക്‌സിനേഷനെക്കുറിച്ചുള്ള യുഎസ് പഠനങ്ങളുടെ ഫലവും ഈ വർഷം മധ്യത്തിൽ പ്രതീക്ഷിക്കുകയാണ്. അതിന്‍റെ ശുഭസൂചകമായി എഫ്‌ഡിഎ ഇതിനകം തന്നെ രണ്ട് കമ്പനികളെയും 11 വയസും അതിൽ താഴെയുള്ള കുട്ടികളിലും പഠനം ആരംഭിക്കാൻ അംഗീകാരം നൽകിക്കഴിഞ്ഞു. യു‌എസിൽ‌ 131 ദശലക്ഷത്തിലധികം ഡോസുകളാണ് ഇതുവരെ നൽകിയിട്ടുള്ളത്. മുതിർന്നവരിൽ വാക്‌സിന്‍റെ ആവശ്യം ഗണ്യമായി കുറഞ്ഞതായും കണ്ടു. ജൂലൈ അവസാനത്തോടെ 300 ദശലക്ഷം ഡോസുകളെങ്കിലും ജനങ്ങളിലേക്ക് എത്തിക്കാനാണ് ഫിസർ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ കൗമാരക്കാരിൽ വാക്‌സിനേഷൻ നൽകുന്നതിലൂടെ വ്യാപനം പരമാവധി കുറയ്‌ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതർ.

Top