കൊവിഡ് പോരാളികള്‍ക്ക് ആദരം; ദീപം തെളിയിച്ച് തീര സംരക്ഷണ സേന

തിരുവനന്തപുരം: കൊവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് തീര സംരക്ഷണ സേനയുടെ കപ്പല്‍ ദീപം തെളിയിച്ചു. ശംഖുമുഖം തീരത്താണ് ലൈറ്റ് തെളിയിച്ചത്. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആദരമര്‍പ്പിച്ചുള്ള പ്രതിരോധസേനയുടെ ഫ്‌ളൈപാസ്റ്റ് നാളെ നടക്കും. രാവിലെ ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും അസമില്‍ നിന്ന് ഗുജറാത്തിലെ കച്ച് വരെയും വ്യോമസേനയുടെ വിമാനങ്ങള്‍ പറക്കും. യുദ്ധവിമാനങ്ങളും ഫ്‌ളൈ പാസ്റ്റില്‍ പങ്കെടുക്കും.

കൊവിഡ് പരിശോധന നടത്തുന്ന ആശുപത്രികള്‍ക്കുമേല്‍ വായുസേനയുടെ ഹെലികോപ്റ്ററുകള്‍ പൂക്കള്‍ വിതറും. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഉള്‍പ്പടെയുള്ള ആശുപത്രികള്‍ക്ക് മുകളിലൂടെ പത്തുമണിയോടെ വായുസേന ഹെലികോപ്റ്ററുകള്‍ എത്തും. തിരുവനന്തപുരത്തും പത്തുമണിയോടെയാണ് ഹെലികോപ്റ്ററുകള്‍ പറക്കുക. പൊലീസുകാര്‍ക്ക് ആദരം അര്‍പ്പിച്ച് ഡല്‍ഹിയിലെ പൊലീസ് സ്മാരകത്തില്‍ സൈനിക മേധാവികള്‍ രാവിലെ പുഷ്പചക്രം അര്‍പ്പിക്കും.

Top