കൊവിഡിന്റെ പുതിയ വകഭേദം ലാംഡ അതിവേഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

ജെനീവ: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നതായി സ്ഥിരീകരിച്ച് ഡബ്ല്യു.എച്ച്.ഒ. ലാംഡ എന്ന കൊവിഡ് വകഭേദമാണ് ലോകരാജ്യങ്ങളില്‍ അതിവേഗം വ്യാപിക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പെറുവുല്‍ ആദ്യമായി കണ്ടെത്തിയ ലാംഡ വകഭേദം ഇതുവരെ 29 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം.

തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീന, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ ലാംഡ വകഭേദം വളരെ വേഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന വ്യാപന സാധ്യതയുള്ളതിനാല്‍ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. 2021 ഏപ്രില്‍ മുതല്‍ പെറുവില്‍ റിപ്പോര്‍ട്ട് ചെയ്ത 81 ശതമാനം കേസുകളും ഈ വകഭേദത്തിന്റേതാണെന്നുള്ളതും വര്‍ധിച്ചു വരുന്ന അപകട സാധ്യതയെ വ്യക്തമാക്കുന്നുണ്ട്.

രോഗവ്യാപന സാധ്യത കൂട്ടുന്നതിനും ആന്റിബോഡികളോടുള്ള വൈറസിന്റെ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവര്‍ത്തനങ്ങള്‍ ലാംഡ വകഭേദത്തിനുണ്ടെന്നും ഈ വകഭേദത്തെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

Top