വവ്വാലുകളില്‍ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.

കേരളം, കര്‍ണാടകം, ഗുജറാത്ത്, ഒഡീഷ, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ചണ്ഡീഗഢ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള വവ്വാലുകളുടെ സ്രവ സാംപിളുകളാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പരിശോധിച്ചത്.

കേരളത്തില്‍ നിന്നുള്ള പെറ്ററോപസ് വവ്വാലുകളുടെ 217 സ്രവ സാംപിളുകള്‍ പരിശോധിച്ചതില്‍ 12-ഉം റൂസെറ്റസ് വവ്വാലുകളുടെ 42 സ്രവ സാംപിളുകളില്‍ നാലും പോസിറ്റീവായിരുന്നു.

മാത്രമല്ല ഹിമാചലില്‍ നിന്ന് ശേഖരിച്ച രണ്ട് സാംപിളുകളും പുതുച്ചേരിയില്‍ നിന്നുള്ള ആറ് സാംപിളുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു സാംപിളും പോസിറ്റീവായിരുന്നു.

റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളുടെ 2018-2019 വര്‍ഷങ്ങളില്‍ ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്. തൊണ്ടയില്‍ നിന്നും മലാശയത്തില്‍ നിന്നുമുള്ള സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Top