കൊവിഡ് നിയമലംഘനം; ബഹ്റൈനില്‍ 38 റെസ്റ്റോറന്റുകൾക്കെതിരെ നടപടി

മനാമ: ബഹ്റൈനില്‍ കൊവിഡ് പ്രതിരോധത്തിനായി നാഷണല്‍ ടാസ്‌ക്ഫോഴ്സ് പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 38 റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കുമെതിരെ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച നടപടിയെടുത്തു. കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ഒരു റെസ്റ്റോറന്റ് ഒരാഴ്ചത്തേക്ക് പൂട്ടിച്ചു.

പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റിലെ ഫുഡ് കണ്‍ട്രോള്‍ വിഭാഗം 192 റെസ്റ്റോറന്റുകളിലും കഫേകളിലുമാണ് പരിശോധന നടത്തിയത്. ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച റെസ്റ്റോറന്റുകളുടെ ഉടമകള്‍ എത്രയും വേഗം നിയമ ലംഘനങ്ങള്‍ പരിഹരിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് അധികൃതര്‍ താക്കീത് നല്‍കി.

റെസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Top