കൊവിഡ് നിയമലംഘനം; ബഹ്‌റൈനില്‍ 10 റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി

മനാമ: ബഹ്റൈനില്‍ ഈദ് അവധി ദിവസങ്ങളില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 10 റെസ്റ്റോറന്റുകള്‍ക്കും 12 വ്യക്തികള്‍ക്കും ശിക്ഷ വിധിച്ചു. 1,000 മുതല്‍ 2,000 ദിനാര്‍ വരെയാണ് ലോവര്‍ ക്രിമിനല്‍ കോടതി പിഴ ചുമത്തിയിരിക്കുന്നത്.

പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ‘ബി അവെയര്‍’ മൊബൈല്‍ ആപ്പ് വഴി കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാതെ ആളുകളെ അകത്ത് പ്രവേശിപ്പിച്ചതിനാണ് റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടിയെടുത്തത്.

ആളുകളെ അകത്ത് പ്രവേശിപ്പിക്കുന്നതിന് മുമ്പ് ശരീരോഷ്മാവും പരിശോധിച്ചിരുന്നില്ല. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുകയായിരുന്നു. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തിയാണ് കേസ് കോടതിയിലേക്ക് കൈമാറിയത്.

 

Top