60 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ എടുക്കാന്‍ രജിസ്‌ട്രേഷന്‍ ഉടന്‍

തിരുവനന്തപുരം: 60 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതം. വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് വാക്‌സിനുകള്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം വരുന്നതനുസരിച്ച് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. ഇതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും സംസ്ഥാനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്‌സിനുകളും, കോഴിക്കോട് 1,09,000 ഡോസ് വാക്‌സിനുകളുമാണ് എത്തുന്നത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തൊട്ടടുത്ത പ്രദേശത്ത് വാക്‌സിന്‍ എടുക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണ്. 300 ഓളം സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ എടുക്കുവാനുള്ള സൗകര്യം ഒരുക്കി വരുന്നതായും മന്ത്രി പറഞ്ഞു.

കോവിഡ് മുന്നണി പോരാളികളുടേയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം വരുന്ന മുറയ്ക്ക് 60 വയസ് കഴിഞ്ഞവരുടെ രജിസ്‌ട്രേഷന്‍ തുടങ്ങാന്‍ സാധിക്കുന്നതാണ്.

രജിസ്റ്റര്‍ ചെയ്തിട്ട് എന്തെങ്കിലും കാരണത്താല്‍ വാക്‌സിന്‍ എടുക്കാന്‍ കഴിയാതെ പോയ ആരോഗ്യ പ്രവര്‍ത്തകര്‍ ഫെബ്രുവരി 27ന് മുമ്പായും കോവിഡ് മുന്നണി പോരാളികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് മാര്‍ച്ച് ഒന്നിന് മുമ്പായും എടുക്കേണ്ടതാണ്.

Top