കൊവിഡ് വാക്‌സിന്റെ പേരില്‍ അമേരിക്കയില്‍ രാഷ്ട്രീയ പോര് മുറുകുന്നു

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്റെ പേരില്‍ യുഎസില്‍ വിവാദങ്ങള്‍ പുകയുന്നു. കൊവിഡ് വാക്സിന്‍ സ്വീകരിച്ച ഡെമോക്രാറ്റ് നേതാക്കള്‍ക്കെതിരെയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍. വയസ്സായവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യം വാക്സിന്‍ ലഭിക്കേണ്ടതെന്ന് പറഞ്ഞാണ് വിമര്‍ശനം.

ഡെമോക്രാറ്റ് പാര്‍ട്ടി അംഗവും യു.എസ് കോണ്‍ഗ്രസ് പ്രതിനിധിയുമായ അലക്സാണ്‍ഡ്രിയ ഒകാസിയോ-കോര്‍ട്ടെസ് വാക്സിന്‍ സ്വീകരിക്കുന്നതിന്റെ ലൈവ് വീഡിയോയുമായി ഇന്‍സ്റ്റഗ്രാമില്‍ വന്നതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഡെമോക്രാറ്റ് നേതാക്കളും റിപ്പബ്ലിക് പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയത്.

‘എന്നോടും കോണ്‍ഗ്രസിലെ മറ്റു അംഗങ്ങളോടൊപ്പം വാക്സിന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ രോഗം വന്ന് മാറി പ്രതിരോധശേഷി നേടിയവര്‍ വയസ്സായവരേക്കാളും ആരോഗ്യപ്രവര്‍ത്തകരേക്കാളും മുന്‍പേ വാക്സിന്‍ സ്വീകരിക്കുന്നത് എനിക്ക് ശരിയായി തോന്നുന്നില്ല. അലക്സാണ്‍ഡ്രിയ ഒകാസിയോ കോര്‍ട്ടെസിനോടും നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരോടും ഇത് തന്നെയാണ് പറയാനുള്ളത്. ഇവര്‍ ഏറ്റവും അവസാനമാണ് വാക്സിന്‍ സ്വീകരിക്കേണ്ടത്. അല്ലാതെ ആദ്യമല്ല.’ റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ ട്വീറ്റ് ചെയ്തു.

വാക്സിനെക്കുറിച്ചും കൊവിഡിനെക്കുറിച്ചും ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന്‍സ് നടത്തിയ അശാസ്ത്രീയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിവാദങ്ങള്‍ക്ക് അലക്സാണ്‍ഡ്രിയയുടെ മറുപടി ട്വീറ്റ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ശാസ്ത്രത്തിലും മാസ്‌കിലും കോവിഡിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ അമേരിക്കയില്‍ പ്രശ്‌നങ്ങള്‍ ഇത്രയും വഷളാകില്ലായിരുന്നു എന്നും അലക്‌സാണ്‍ഡ്രിയ തുറന്നടിച്ചു.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ടെലിവിഷനില്‍ ലൈവായി വന്നുകൊണ്ട് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. വാക്സിനെതിരെ പ്രചരണങ്ങള്‍ ശക്തമാകവേയാണ് ഒന്നും പേടിക്കാനില്ലെന്ന് പറഞ്ഞുകൊണ്ട് ബൈഡന്‍ വാക്‌സിന്‍ സ്വീകരിച്ചത്.

Top