ആഫ്രിക്കയിൽ ഒരു ഡോസ് എങ്കിലും കിട്ടിയത് 11 % ത്തിന് മാത്രം; ഞെട്ടിപ്പിക്കുന്ന കണക്കുകൾ

കൊറോണ വൈറസിന്‍റെ ഒമൈക്രോൺ വകഭേദം പുതിയ വെല്ലുവിളിയാകുമോയെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒമൈക്രോൺ യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. അതേസമയം, വാക്സിൻ ലഭ്യതയിൽ സമ്പന്ന രാഷ്ട്രങ്ങളും ദരിദ്ര രാഷ്ട്രങ്ങളും തമ്മിലുള്ള വേർതിരിവ് ഈ അവസരത്തിൽ ചർച്ചയാവുകയാണ്.

54 രാജ്യങ്ങളാണ് ആഫ്രിക്കൻ വൻകരയുടെ ഭാഗമായിട്ടുള്ളത്. ഇവിടങ്ങളിൽ ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുള്ളത് 11 ശതമാനം ആളുകൾക്ക് മാത്രമാണ്. രണ്ട് ഡോസ് വാക്സിൻ ലഭിച്ചതാവട്ടെ 7.2 ശതമാനം പേർക്ക് മാത്രവുമാണെന്ന് വെബ്സൈറ്റിലെ കണക്കുകൾ പറയുന്നു.

സമ്പന്നരാജ്യങ്ങൾ ബൂസ്റ്റർ ഡോസ് എന്ന പേരിൽ മൂന്നാം ഡോസ് നൽകിത്തുടങ്ങിയിരിക്കുമ്പോഴാണ് ദരിദ്രരാജ്യങ്ങൾ ഏറെയുള്ള ആഫ്രിക്കയിൽ ഈ അവസ്ഥ. യൂറോപ്പിലും വടക്കേ അമേരിക്കയിലും 50 ശതമാനത്തിലേറെ പേരും പൂർണമായും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ചവർ 60 ശതമാനത്തിലേറെയാണ്. ഏഷ്യൻ രാജ്യങ്ങളിൽ രണ്ട് ഡോസും സ്വീകരിച്ചവർ 50 ശതമാനത്തോളമാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഫിക്കൻ രാജ്യങ്ങളിൽ 10 ശതമാനത്തിന് മാത്രമേ, അതായത് അഞ്ച് രാജ്യങ്ങൾക്ക്, പ്രഖ്യാപിത ലക്ഷ്യമായ 40 ശതമാനം വാക്സിനേഷൻ വർഷാവസാനത്തോടെ കൈവരിക്കാനാകൂവെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.

Top