ചൈന പാപ്പുവ ന്യൂ ഗിനിയിലെ ജീവനക്കാരില്‍ കോവിഡ് വാക്‌സീന്‍ പരീക്ഷണം നടത്തി!!

കാന്‍ബറ: ചൈനയുടെ പാപ്പുവ ന്യൂ ഗിനിയിലെ ജീവനക്കാരില്‍ കോവിഡ് വാക്‌സീന്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ‘ദി ഓസ്‌ട്രേലിയന്‍’ എന്ന മാധ്യമമാണ് ശാന്തസമുദ്രത്തിലെ ദ്വീപുരാഷ്ട്രത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈനയുടെ മൈനിങ് കമ്പനിയ ജീവനക്കാരില്‍ വാക്‌സീന്‍ പരീക്ഷണം നടത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ചൈന മെറ്റലര്‍ജിക്കല്‍ ഗ്രൂപ്പ് കോര്‍പ്പറേഷന്റെ കീഴില്‍ വരുന്ന മെറ്റലര്‍ജിക്കല്‍ കോര്‍പ്പറേഷന്‍ ഓഫ് ചൈന നിയന്ത്രിക്കുന്ന രാമു നികോ മാനേജ്‌മെന്റ് ലിമിറ്റഡാണു വാക്‌സീന്‍ പരീക്ഷണം നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പാപ്പുവ ന്യൂ ഗിനിയുടെ ആരോഗ്യമന്ത്രി ജെല്‍റ്റ വോങ് പറഞ്ഞു. രാജ്യത്ത് കോവിഡ് വാക്‌സീന്റെ പരീക്ഷണങ്ങള്‍ നിരോധിച്ച് നാഷനല്‍ പാന്‍ഡമിക് റെസ്‌പോണ്‍സ് കണ്‍ട്രോളര്‍ ഡേവിഡ് മാനിങ് വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.

ഒരു പരീക്ഷണത്തിനും ദേശീയ ആരോഗ്യ വിഭാഗം അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തേക്കു കൊണ്ടുവരുന്ന എല്ലാ വാക്‌സീനുകളും ദേശീയ ആരോഗ്യ വിഭാഗത്തിന്റെ അനുമതിയോടെ വേണം. നിരവധി പരീക്ഷണങ്ങള്‍ നടത്തി പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം. പ്രോട്ടോക്കോളും പ്രൊസീജ്യറുകളും പാലിക്കണം. മാത്രമല്ല, ലോകാരോഗ്യ സംഘടന ഇത് അംഗീകരിക്കണമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മാനിങ് പറഞ്ഞു.

ഓഗസ്റ്റ് 10നാണ് 48 ചൈനീസ് ജീവനക്കാര്‍ക്ക് സാര്‍സ് കോവ് 2 വാക്‌സീന്‍ നല്‍കിയതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വാക്‌സീന്‍ തെറ്റായ ഫലം നല്‍കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഉടനൊരു വ്യക്തത തരണമെന്ന് ചൈനീസ് അംബാസഡര്‍ സ്യൂ ബിങ്ങിനോട് മാനിങ് ആവശ്യപ്പെട്ടു.

Top