18 കഴിഞ്ഞവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 24 മുതല്‍

ന്യൂഡല്‍ഹി: 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് രജിസ്‌ട്രേഷന്‍ ഏപ്രില്‍ 24 ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിന്‍ ആപ്പ് മുഖേനയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കോവാക്സിന്‍, കോവിഷീല്‍ഡ് എന്നിവയ്ക്ക് പുറമെ റഷ്യന്‍ വാക്സിനായ സ്പുഡ്നിക്ക് വിയും ചില വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാകാന്‍ കൂടുതല്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കും. തീയതിയും സമയവും ബുക്ക് ചെയ്യാന്‍ ആളുകളെ സഹായിക്കുന്നതിന് കോവിന്‍ പ്ലാറ്റ്ഫോമില്‍ വാക്സിന്‍ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മേയ് ഒന്നു മുതലാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങുക. വാക്‌സിന്‍ ഉത്പാദകരില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാനാവും. കോവീഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ലഭിക്കുക.

 

Top