കൊവിഡ് വാക്‌സിനുകളുടെ വില കുത്തനെ കുറച്ചു

ന്യൂഡല്‍ഹി: 18 വയസ്സ് പിന്നിട്ട് എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും കൊവിഡ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ വാക്‌സീനുകളുടെ വില കുത്തനെ കുറച്ച് ഭാരത് ബയോടെക്കും പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും. സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന കൊവിഡ് വാക്‌സീന്‍ ഡോസുകളുടെ വിലയാണ് ഇരുകമ്പനികളും വെട്ടിക്കുറിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വാക്‌സീന്റെ വില കുറയ്ക്കാനുള്ള ഇരുകമ്പനികളുടേയും തീരുമാനം.

ഇനിമുതല്‍ ഇരു കമ്പനികളും സ്വകാര്യ ആശുപത്രികള്‍ക്ക് 225 രൂപ നിരക്കിലാവും വാക്‌സീന്‍ നല്‍കുക. നേരത്തെ കൊവീഷില്‍ഡ് 600 രൂപയ്ക്കും കൊവാക്‌സീന്‍ 1200 രൂപയ്ക്കുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്തിരുന്നത്. വാക്‌സീന്റെ വിലയും ആശുപത്രികളുടെ സര്‍വ്വീസ് ചാര്‍ജും നികുതിയും കഴിച്ച് അഞ്ഞൂറ് രൂപയ്ക്ക് താഴെ നിരക്കില്‍ ഇനി വാക്‌സീന്‍ വിതരണം സാധ്യമായേക്കും വിപുലമായ രീതിയില്‍ സ്വകാര്യ ആശുപത്രികള്‍ വാക്‌സീനേഷന്‍ തുടങ്ങുന്നതും വാക്‌സീനേഷന്‍ നിരക്ക് കുറയ്ക്കാന്‍ സഹായിക്കും.

‘കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം, സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവീഷില്‍ഡ് വാക്സിന്റെ വില ഒരു ഡോസിന് 600 രൂപയില്‍ നിന്ന് 225 ആയി കുറയ്ക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തീരുമാനിച്ചെന്ന വിവരം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. മുന്‍കരുതല്‍ ഡോസുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു – സെറം ഇന്‍സ്റ്റിറ്റ്യൂട്ട മേധാവി അദാര്‍ പൂനെവാല ട്വിറ്ററില്‍ കുറിച്ചു.

എല്ലാ മുതിര്‍ന്നവര്‍ക്കും മുന്‍കരുതല്‍ ഡോസ് ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കേന്ദ്ര ഗവണ്‍മെന്റുമായി കൂടിയാലോചിച്ച്, സ്വകാര്യ ആശുപത്രികള്‍ക്ക് #ഇഛഢഅതകച ന്റെ വില ഒരു ഡോസിന് 1200 രൂപയില്‍ നിന്ന് 225 ആയി പരിഷ്‌കരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,’ ഭാരത് ബയോടെക്ക് സിഇഒ സുചിത്ര എല്ല ട്വീറ്റ് ചെയ്തു.

18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഷോട്ടുകള്‍ തുറക്കാനുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെ പൂനാവാല ഇന്നലെ സ്വാഗതം ചെയ്തിരുന്നു. ഇത് നിര്‍ണായകവും സമയോചിതവുമായ തീരുമാനമാണെന്ന് പറഞ്ഞ അദ്ദേഹം, ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് നിരവധി രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മൂന്നാം ഡോസ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Top