കോവിഡ് വാക്‌സിന്‍; സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗരേഖയുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് സമഗ്ര മാര്‍ഗ്ഗ രേഖയുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകളാണ് ജനുവരി 16ന് വിതരണം ചെയ്തു തുടങ്ങുക.

വാക്സിന്റെ പ്രത്യേകതകള്‍, ഡോസേജ്, ശീതീകരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ദോഷഫലങ്ങളും ഇമ്യൂണൈസേഷനു പിന്നാലെയുണ്ടാകാവുന്ന ദോഷകരമായ പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയാണ് സമഗ്ര മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാക്സിനേഷനുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതും, പാടില്ലാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെട്ട രേഖ എല്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്കും ശീതീകരണ ശൃംഖല കൈകാര്യം ചെയ്യുന്നവര്‍ക്കും വാക്സിന്‍ കുത്തിവെപ്പ് നടത്തുന്നവര്‍ക്കും വിതരണം ചെയ്തിട്ടുണ്ട്.

പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കുക. വാക്സിന്റെ ആദ്യ ഡോസ് നല്‍കി 14 ദിവസത്തിനു ശേഷമേ രണ്ടാമത്തെ ഡോസ് നല്‍കാവൂ. ഏത് വാക്സിന്റെ ഡോസ് ആണോ ആദ്യം നല്‍കിയത്, ആ വാക്സിന്‍ മാത്രമേ രണ്ടാമത്തെ ഡോസ് ആയും നല്‍കാന്‍ പാടുള്ളൂ.

ഗുരുതരമായ അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, ഗര്‍ഭിണിയാണോ എന്ന് സ്ഥിരീകരിക്കാത്തവര്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവരില്‍ വാക്സിന്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. ഗര്‍ഭിണികളും മുലയൂട്ടൂന്ന അമ്മമാരും ഇതുവരെ കോവിഡ് വാക്സിന്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തിട്ടില്ല. അതിനാലാലാണ് ഇവര്‍ക്ക് ഈ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ പാടില്ലാത്തത്.

താത്കാലികമായ അസ്വസ്ഥതകള്‍ ഉണ്ടാകുന്നവര്‍ അവ പൂര്‍ണമായും മാറിയ ശേഷം നാലു മുതല്‍ എട്ടാഴ്ചയ്ക്കുള്ളില്‍ മാത്രമേ രണ്ടാമത്തെ ഡോസ് സ്വീകരിക്കാവൂ. ജനിതക വ്യതിയാനം വന്ന കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍, ജനിതക വ്യതിയാനം വന്ന കോവിഡ് ബാധയുള്ളവരും സാര്‍സ്-കോവ്-2 മോണോക്ലോണല്‍ ആന്റിബോഡികളോ കോവാലസെന്റ് പ്ലാസ്മയോ നല്‍കിയവര്‍, ഏതെങ്കിലും രോഗബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ എന്നിവരിലാണ് താല്‍ക്കാലിക പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യത.

അമിത രക്തസ്രാവമോ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ളവര്‍ക്ക് വാക്സിന്‍ നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. മുന്‍പ് സാര്‍സ് കോവ്-2 ബാധയുണ്ടായവര്‍, ഗുരുതര അസുഖങ്ങളുള്ളവര്‍, പ്രതിരോധശക്തി കുറഞ്ഞവര്‍, എച്ച്.ഐ.വി. ബാധിതര്‍ തുടങ്ങിയവര്‍ക്കും വാക്സിന്‍ നല്‍കാം.

Top